തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ. സുകുമാരൻ നായർ എൻഎസ്എസിന്റെ നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ നായർ സമുദായത്തിന് വലിയ അപചയം സംഭവിച്ചെന്നാണ് അനൂപ് ചന്ദ്രന്റെ ആരോപണം.
തിരുവനന്തപുരം മന്നം ക്ലബ്ബിൽ ‘ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുകുമാരൻ നായരെ നേരിൽ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം വിവരിച്ചുകൊണ്ടാണ് അനൂപ് ചന്ദ്രൻ എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. പന്തളത്തുള്ള സുഹൃത്തിന്റെ സഹോദരിക്ക് പന്തളം എൻഎസ്എസ് കോളജിൽ പ്രവേശനം ലഭിക്കുന്നതിനായി ചങ്ങനാശ്ശേരിയിലെത്തി സുകുമാരൻ നായരെ കണ്ടിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
പന്തളത്തെ കരയോഗാംഗമായ ശിവൻകുട്ടിയുടെ ശുപാർശക്കത്തുമായാണ് തങ്ങൾ എത്തിയതെന്നും എന്നാൽ അവിടെവച്ച് മോശം അനുഭവമാണ് ഉണ്ടായതെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. ശുപാർശക്കത്തിൽ പറഞ്ഞിരിക്കുന്ന വ്യക്തിയെക്കുറിച്ച് ചോദിച്ച് സുകുമാരൻ നായർ രൂക്ഷമായി പ്രതികരിച്ചെന്നും തുടർന്ന് അവിടെനിന്ന് മടങ്ങേണ്ടിവന്നെന്നും അദ്ദേഹം ആരോപിച്ചു.
പിന്നീട് കോൺഗ്രസ് നേതാവ് പി.ജെ. കുര്യനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ഇടപെടലിനെ തുടർന്ന് പന്തളം എൻഎസ്എസ് കോളജിൽ പ്രവേശനം ലഭിക്കുകയും ചെയ്തതായി അനൂപ് ചന്ദ്രൻ പറഞ്ഞു.
‘സമുദായത്തിലെ സാധാരണക്കാർക്ക് പട്ടിയുടെ വില പോലും നൽകാത്ത രീതിയിലാണ് നായർ നേതൃത്വം പെരുമാറുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘സമുദായത്തിന്റെ അധഃപതനത്തിന് നേതൃത്വം ഉത്തരവാദി’
സുകുമാരൻ നായർ അധികാരത്തിലെത്തിയ ശേഷം നായർ സമുദായത്തിന്റെ സാമൂഹിക സ്ഥിതി മോശമായെന്നും അനൂപ് ചന്ദ്രൻ ആരോപിച്ചു. മുൻകാലത്ത് സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ നിരവധി പേർ സമുദായത്തിന് നേതൃത്വം നൽകിയിരുന്നുവെന്നും ഇന്ന് സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു.
‘സാംസ്കാരിക നായന്മാരിൽ നിന്ന് ഒരുനേരത്തെ ഉപ്പിനും മുളകിനും വേണ്ടി പിടിച്ചുപറിക്കുന്ന നായന്മാരിലേക്ക് സമുദായം അധഃപതിച്ചു’ എന്നായിരുന്നു അനൂപ് ചന്ദ്രന്റെ പരാമർശം.
എൻഎസ്എസുമായി ബന്ധപ്പെട്ട തന്റെ മറ്റൊരു അനുഭവവും അദ്ദേഹം വിശദീകരിച്ചു. ഏതാനും വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ സുഹൃത്തിന്റെ നിർബന്ധപ്രകാരം എൻഎസ്എസ് ആസ്ഥാനത്ത് പോയെന്നും സുകുമാരൻ നായരെ കാണാൻ ഏറെ നേരം കാത്തിരിക്കേണ്ടി വന്നെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
ഭക്ഷണം കഴിക്കാനായി പോയതിനാലും പിന്നീട് വിശ്രമിക്കാനായി പോയതിനാലും കൂടിക്കാഴ്ച നടക്കാതെ മടങ്ങേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
പിന്നീട് ഒരു പൊതുപരിപാടിക്കിടെ എൻഎസ്എസ് നേതൃത്വത്തിനെതിരെ താൻ പരസ്യമായി വിമർശനം ഉന്നയിച്ച സംഭവവും അനൂപ് ചന്ദ്രൻ ഓർത്തെടുത്തു. കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ അവസ്ഥയും അനൂപ് ചന്ദ്രൻ ചൂണ്ടിക്കാട്ടി
എൻഎസ്എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തെക്കുറിച്ചും അനൂപ് ചന്ദ്രൻ വിമർശനം ഉന്നയിച്ചു. താൻ പഠിച്ച ചേർത്തല എൻഎസ്എസ് കോളജിൽ മുൻകാലത്തുണ്ടായിരുന്ന വിദ്യാർഥികളുടെ എണ്ണവും നിലവിലെ സ്ഥിതിയും താരതമ്യം ചെയ്തായിരുന്നു പരാമർശം.
മുൻപ് ഏകദേശം 1,400 വിദ്യാർഥികൾ പഠിച്ചിരുന്നിടത്ത് ഇപ്പോൾ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും കോളജിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായർ നേതൃത്വത്തിലെത്തിയ ശേഷമുള്ള കാലഘട്ടവുമായി താരതമ്യം ചെയ്ത് സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങൾ പരിശോധിക്കണമെന്നും അനൂപ് ചന്ദ്രൻ ആവശ്യപ്പെട്ടു.















