കപ്പലിൽ നിന്ന് എറണാകുളം സ്വദേശിയായ യുവാവിനെ കാണാതായി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര ചെയ്ത കപ്പലിൽ നിന്ന് എറണാകുളം ചെറായി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഞാറയ്‌ക്കൽ സ്വദേശി ഷിന്റോൺ ബെന്നി (24)യെയാണ് കാണാതായത്.

മുംബൈ ആസ്ഥാനമായ MOL കമ്പനിയിൽ ഡെക്ക് ഓഫീസർ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു ഷിന്റോൺ. ടാർ കാരിയർ കപ്പലിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. കപ്പൽ യാത്രയ്‌ക്കിടെയാണ് ഷിന്റോണിനെ കാണാതായതെന്നാണ് വിവരം.ഇൻഡോനേഷ്യക്ക് സമീപത്ത് വച്ചാണ് ഷിന്റോൺ ബെന്നിയെ കാണാതായത്

ബുധനാഴ്ച രാത്രി 8.15ഓടെ സഹോദരനെ ഫോണിൽ വിളിച്ച് ഷിന്റോൺ സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് യുവാവിനെക്കുറിച്ച് വിവരമില്ലാതായത്. ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന വിവരം കമ്പനി ബന്ധുക്കളെ അറിയിച്ചത്.

കപ്പലിൽ നിന്ന് യുവാവിനെ കാണാതായ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഷിന്റോണിനെ കണ്ടെത്തുന്നതിനായി ആവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

നാളെ ഷിന്റോണിന്റെ പിറന്നാളാണ്. മകനെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. യുവാവിനെ കണ്ടെത്തുന്നതിനായി സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Share