ജക്കാർത്ത: ശക്തമായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടെ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ഉത്തര സുമാത്രയിൽ ശനിയാഴ്ച റിച്ചർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. നേരത്തെ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം ഉണ്ടായതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ പ്രകമ്പനം ഉണ്ടായത്. ഇതോടെ ഇന്തോനേഷ്യയിൽ ദുരന്തഭീതി വീണ്ടും ശക്തമായി.
ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ആണ് ഉത്തര സുമാത്രയിലെ ഭൂചലനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ഭൂമിക്കടിയിൽ 175 കിലോമീറ്റർ ആഴത്തിലാണ് പുതിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്നാണ് GFZ വ്യക്തമാക്കിയത്.
അതേസമയം, ആഗസ്റ്റ് 15ന് പുലർച്ചെ ഇന്തോനേഷ്യയിലെ ഫ്ലോറസ് തീരത്തുണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പമാണ് രാജ്യത്തെ ആദ്യം പിടിച്ചുകുലുക്കിയത്. പുലർച്ചെ 3.28ഓടെയായിരുന്നു ഈ ശക്തമായ ഭൂചലനം. ഭൂകമ്പത്തിൽ കുറഞ്ഞത് രണ്ടുപേർ മരിക്കുകയും നിരവധി കെട്ടിടങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടമുണ്ടാകുകയും ചെയ്തു.
ശക്തമായ പ്രകമ്പനത്തിന് പിന്നാലെ ഈസ്റ്റ് നുസ തെംഗാരയുടെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനത്തിന്റെ ആഘാതത്തിൽ വിവിധ മേഖലകളിൽ മണ്ണിടിച്ചിലും വൈദ്യുതി തടസ്സവും വാർത്താവിനിമയ സംവിധാനങ്ങളുടെ തകരാറും റിപ്പോർട്ട് ചെയ്തു.
മണ്ണിടിച്ചിലിൽ നിന്നുള്ള അവശിഷ്ടങ്ങൾ റോഡുകളിൽ കുന്നുകൂടിയതോടെ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി. കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെയും പൊടിപടലങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന്റെ ഭീതിയിൽ നിരവധി ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും റിപ്പോർട്ടുകളുണ്ട്.
ദുരന്തത്തിൽ കുറഞ്ഞത് 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടസാധ്യത കണക്കിലെടുത്ത് ഏകദേശം 2,000 നിവാസികളെ താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ഇന്തോനേഷ്യയിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസി അറിയിച്ചു.
ഇതിനിടെ മണ്ണിടിച്ചിലിൽ അകപ്പെട്ട രണ്ട് ഗ്രാമീണർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. റോഡുകളിൽ കെട്ടിക്കിടക്കുന്ന അവശിഷ്ടങ്ങളും വിവിധയിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ തകരാറുകളും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ്.
ഒരേ ദിവസം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടതോടെ ഇന്തോനേഷ്യയിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. നേരത്തെ 7.7 തീവ്രതയുള്ള ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് വരെ പുറപ്പെടുവിക്കേണ്ടിവന്ന സാഹചര്യത്തിന് പിന്നാലെയാണ് ഉത്തര സുമാത്രയിൽ വീണ്ടും 6.8 തീവ്രതയുടെ പ്രകമ്പനം അനുഭവപ്പെട്ടത്.