റോം: സിസിലിയുടെ ആകാശത്ത് വീണ്ടും അഗ്നിപർവ്വത ചാരം നിറഞ്ഞതോടെ യാത്രാ പ്രതിസന്ധി രൂക്ഷമാകുന്നു. യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ മൗണ്ട് എറ്റ്നയിൽ നിന്നുള്ള തുടർച്ചയായ ചാരവമനം കനത്തതോടെ 700ലേറെ വിമാന സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. സിസിലിയിലെ പ്രധാന വിമാനത്താവളമായ കാറ്റാനിയയിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് പ്രധാനമായും ബാധിച്ചത്.
ഓഗസ്റ്റ് ആറിന് ആരംഭിച്ച ഇപ്പോഴത്തെ അഗ്നിപർവ്വത പ്രവർത്തനം സാധാരണ എറ്റ്ന സ്ഫോടനങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത്തവണ തുടർച്ചയായി വലിയ തോതിൽ ചാരം പുറത്തേക്ക് വന്നതാണ് വിമാന സർവീസുകൾക്ക് വലിയ ഭീഷണിയായത്.
എറ്റ്നയുടെ മധ്യഭാഗത്തെ ഗർത്തങ്ങളിൽനിന്ന് ഉയരുന്ന ചാരം തെക്കുകിഴക്കൻ കാറ്റിൽ കാറ്റാനിയ വിമാനത്താവളത്തിന്റെ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഇതോടെ വെള്ളിയാഴ്ച മുതൽ വിമാനത്താവളം പലതവണ അടയ്‌ക്കുകയും പിന്നീട് നിയന്ത്രണങ്ങളോടെ തുറക്കുകയും ചെയ്തു. വ്യോമാതിർത്തിയിലും നിയന്ത്രണം ഏർപ്പെടുത്തി.
ഇറ്റലിയുടെ വേനൽക്കാല വിനോദസഞ്ചാര സീസൺ ഏറ്റവും തിരക്കേറിയ ഘട്ടത്തിലെത്തിയ സമയത്താണ് പ്രതിസന്ധി ഉണ്ടായത്. ഓഗസ്റ്റ് 15ലെ ഫെറാഗോസ്റ്റോ അവധിക്ക് മുന്നോടിയായി സിസിലിയിലെത്തിയ നിരവധി യാത്രക്കാരാണ് ഇതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.
കാറ്റാനിയയിലേക്കുള്ള ചില വിമാനങ്ങൾ സിസിലിയുടെ പടിഞ്ഞാറൻ തീരത്തുള്ള പലേർമോ, ട്രപാനി വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അവിടെ നിന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ട്രെയിൻ, ബസ് ഷട്ടിൽ സർവീസുകളും അധികൃതർ ഒരുക്കി.
എന്നാൽ വിമാനത്താവളത്തിലെ ദുരിതത്തിന് പൂർണ പരിഹാരമായില്ല. യാത്രക്കാർ കാറ്റാനിയ വിമാനത്താവളത്തിനുള്ളിൽ തന്നെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. ചിലർ ലഗേജ് കറൗസലുകൾക്കരികിൽ കിടന്നുറങ്ങിയതായും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്രക്കാർക്ക് വെള്ളം വിതരണം ചെയ്യാൻ സന്നദ്ധപ്രവർത്തകരെയും വിമാനത്താവളത്തിൽ നിയോഗിച്ചു.
അഗ്നിപർവ്വതത്തിന്റെ പൊട്ടിത്തെറി സിസിലിയുടെ വിനോദസഞ്ചാര മേഖലയെയും ബാധിക്കുമെന്നാണ് ആശങ്ക. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് 15 മില്യൺ മുതൽ 29 മില്യൺ ഡോളർ വരെ ടൂറിസം വരുമാന നഷ്ടമുണ്ടാകാമെന്നാണ് ഒരു സിസിലിയൻ ബിസിനസ് സംഘടനയുടെ കണക്ക്.
എറ്റ്നയിൽനിന്ന് ഇനി എത്രത്തോളം ചാരം പുറന്തള്ളുമെന്നും ഈ സാഹചര്യം എത്രനാൾ തുടരുമെന്നും ഇപ്പോൾ കൃത്യമായി പ്രവചിക്കാനാകില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജിയിലെ വിദഗ്ധർ പറയുന്നു. അഗ്നിപർവ്വത പ്രവർത്തനം നാളെ തന്നെ അവസാനിക്കാം, ദിവസങ്ങളോ ആഴ്ചകളോ തുടരാം, അതുപോലെ ഒരു മാസത്തോളം നീളാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അഗ്നിപർവ്വതത്തിന്റെ ശക്തമായ പ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ സിസിലിയിലേക്കും കാറ്റാനിയയിലേക്കും യാത്ര ചെയ്യുന്നവർ വിമാന സർവീസുകളുടെ സ്ഥിതിഗതികൾ മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.














