ന്യൂഡല്‍ഹി: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദം ശക്തമായതോടെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കള്‍ ഔദ്യോഗിക പരാതി നല്‍കി. സ്വാതന്ത്ര്യദിനത്തില്‍ ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലാപനത്തിനിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരാതി.
സോണിയ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. ദേശീയ ഗാനവുമായി ബന്ധപ്പെട്ട വികാരങ്ങളെ സംഭവം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ഉര്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ബിജെപി നേതാക്കളായ വികാസ് കെ., രാജഗോപാല്‍ എന്നിവര്‍ ബന്ധപ്പെട്ട നിയമവകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സ്വാതന്ത്ര്യദിന പരിപാടിയില്‍ വന്ദേമാതരം ആലപിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. ഇത് ദേശീയ ഗാനത്തോടുള്ള അനാദരവാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ബിജെപി എംപി മനോജ് തിവാരിയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.