പാലക്കാട്: വരാനിരിക്കുന്ന ഓണാഘോഷ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന വൻ മയക്കുമരുന്ന് ശേഖരം പാലക്കാട്ട് പോലീസ് പിടികൂടി. സംഭവത്തിൽ മംഗലാപുരം സ്വദേശിനിയായ യുവതിയും ഭർത്താവും സുഹൃത്തുമടക്കം മൂന്നുപേരാണ് പോലീസിന്റെ പിടിയിലായത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഇയാളുടെ ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരെയാണ് ഒലവക്കോട്ട് വെച്ച് പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്.
എംഡിഎംഎ അടക്കം ഒരു കിലോയോളം വരുന്ന മാരക ലഹരിമരുന്ന് ശേഖരമാണ് ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്. എംഡിഎംഎയ്‌ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. തമിഴ്നാട്ടിൽ നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ കാറിൽ ബെംഗളൂരുവിൽ നിന്നും മയക്കുമരുന്നുമായി മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ പാലക്കാട് നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സംഘം വലയിലായത്.
പോലീസിനെ വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞുപോകാൻ ശ്രമിച്ച കാറിനെ പിന്തുടർന്ന് അതിസാഹസികമായാണ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത്. ഓണക്കാലത്തെ സ്പെഷ്യൽ വിൽപ്പന ലക്ഷ്യമിട്ടാണ് ഇത്രയും ഭീമമായ അളവിൽ ബംഗളൂരുവിൽ നിന്ന് എംഡിഎംഎയും മറ്റ് മയക്കുമരുന്നുകളും കേരളത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.
പിടിയിലായവർ സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണെന്നാണ് പോലീസിന്റെ സംശയം. പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വൻ ലഹരി മാഫിയാ റാക്കറ്റിനെക്കുറിച്ച് പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.