ഹരിപ്പാട്: കരുവാറ്റയിൽ വാടകവീട്ടിൽ തനിച്ചായിരുന്ന 70കാരനെ കൈകാലുകൾ ബന്ധിച്ച് കഴുത്തിൽ തുണിയും പുതപ്പും മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികളും കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ ബന്ധുവായ 13കാരിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. മോഷണത്തിനായി കൗമാരസംഘം ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തൽ.
കൊല്ലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (70) ആണ് കരുവാറ്റ പഞ്ചായത്ത് ഒൻപതാം വാർഡിലെ മാടപ്പുറക്കൽ പടീറ്റത്തിൽ വാടകവീട്ടിൽ ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബസമേതം ഇവിടെ കുറച്ചുകാലമായി വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു.
ശിവൻകുട്ടിയുടെ ബന്ധുവായ 13കാരിക്ക് ഐഫോൺ വാങ്ങുന്നതിനും പരവൂർ സ്വദേശികളായ സുഹൃത്തുക്കൾക്ക് ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു മോഷണത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ 13കാരിയെ കൗമാരസംഘം കാണിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അടുക്കള വാതിലിലൂടെ അകത്ത്; കൊലപാതകത്തിന് ശേഷം അതേ വഴി രക്ഷപ്പെട്ടു
വീടിന്റെ അടുക്കള വാതിലിലൂടെയാണ് സംഘം അകത്തുകയറിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. അടിഭാഗം ഷീറ്റും മുകൾഭാഗം ഗ്രില്ലുമുള്ള വാതിലിൽ ഗ്രില്ലിലൂടെ കൈയിട്ട് അകത്തെ സാക്ഷ മാറ്റിയാണ് അക്രമികൾ വീടിനുള്ളിൽ പ്രവേശിച്ചത്.
കൃത്യം നടത്തിയ ശേഷം അതേ വഴിയിലൂടെ പുറത്തിറങ്ങി, ഗ്രില്ലിലൂടെ കൈയിട്ട് വീണ്ടും സാക്ഷയിട്ടാണ് പ്രതികൾ രക്ഷപ്പെട്ടത്. വീടിന്റെ പ്രധാന വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അലമാരകൾ തുറന്നുകിടക്കുന്നതും വസ്ത്രങ്ങൾ തറയിൽ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി വിവരമുണ്ട്.
കൈകാലുകൾ ബന്ധിച്ചു; കഴുത്തിൽ തുണിയും പുതപ്പും
ഡൈനിങ് റൂമിലെ തറയിലാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകളും കാലുകളും പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ പുതപ്പും തുണിയും വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു. മുഖത്തും തറയിലും രക്തക്കറകളും കണ്ടെത്തി.
അന്വേഷണം വഴിതെറ്റിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചതിന്റെ സൂചനകളും സ്ഥലത്തുനിന്ന് ലഭിച്ചു. വീടിന്റെ പ്രധാന വാതിൽപ്പടികളിലും തറയിലും മുളകുപൊടി വിതറിയ നിലയിലായിരുന്നു.
കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത ശേഷമാണ് സംഘം വീട്ടിലെത്തിയതെന്ന സംശയം ഇതോടെ ശക്തമായി.
ഭാര്യ ആശുപത്രിയിൽ; വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്
ശിവൻകുട്ടിയുടെ മകൾ ശ്രീകലയുടെ പ്രസവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുതൽ ഭാര്യ സരസ്വതി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. ശനിയാഴ്ച ഉച്ചവരെ കൊച്ചുമകൾ ശിവൻകുട്ടിക്കൊപ്പം വീട്ടിലുണ്ടായിരുന്നു. പിന്നീട് കൊച്ചുമകൾ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി.
ശിവൻകുട്ടിയുടെ ഫോണിൽ ഇൻകമിങ് സൗകര്യം ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽനിന്ന് സരസ്വതി പലതവണ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല.
സംശയം തോന്നിയതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ട് കൊച്ചുമകൾ സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തി വാതിലിൽ തട്ടിവിളിച്ചു. എന്നാൽ അകത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ഭാര്യ അയൽവാസികളെ വിവരമറിയിച്ചു.
തുടർന്ന് രാവിലെ കൊച്ചുമകളും അയൽവാസിയും വീടുപണിയുടെ കരാറെടുത്ത ഇതരസംസ്ഥാന തൊഴിലാളിയും ചേർന്ന് വീട്ടിലെത്തി. വീട് അടഞ്ഞുകിടക്കുന്നത് കണ്ടതോടെ സംശയം തോന്നി. തുടർന്ന് അടുക്കള വാതിലിലെ ഗ്രില്ലിലൂടെ കൈയിട്ട് സാക്ഷ മാറ്റി അകത്തുകയറിയപ്പോഴാണ് ശിവൻകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വൻ പൊലീസ് സംഘം; സൈബർ സെല്ലും അന്വേഷണത്തിൽ
വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ഐ.ജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ്, ഡി.വൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മൊബൈൽ ഫോൺ വിവരങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്.
മോഷണത്തിനായി കൗമാരസംഘം നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണം ഇപ്പോൾ നീങ്ങുന്നത്. 13കാരിയുമായി പ്രതികൾ നടത്തിയ വീഡിയോ കോളും കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് ഡിജിറ്റൽ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പൊലീസ് കരുതുന്നത്.
മൂന്ന് പരവൂർ സ്വദേശികളായ വിദ്യാർഥികളും ശിവൻകുട്ടിയുടെ ബന്ധുവായ 13കാരിയും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ ഇവരുടെ പങ്കും കൊലപാതകത്തിന്റെ പൂർണ ആസൂത്രണവും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സരസ്വതിയാണ് ശിവൻകുട്ടിയുടെ ഭാര്യ. ശശികല, ശ്രീകല എന്നിവർ മക്കളും ബിജു മരുമകനുമാണ്.