കൊല്ലം: വിദേശത്ത് ഒരുമിച്ച് താമസിക്കുന്നതിനിടെ പകർത്തിയ സ്വകാര്യ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിനെ സമീപിച്ചത്. ഭർത്താവിന്റെ ഭീഷണിയും ക്രൂരമായ പെരുമാറ്റവും ഉൾപ്പെടെ വിവരങ്ങൾ പരാതിയിലുണ്ട്.
നാലുവയസുകാരിയായ മകളെ ഒപ്പമിരുത്തി അശ്ലീല വീഡിയോ കാണുകയും കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വയംഭോഗം നടത്തിയെന്നുമാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച ഭർത്താവിന്റെ ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
ഭർത്താവിന് പങ്കാളികളെ പരസ്പരം പങ്കുവെക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. ഭർത്താവിന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തുന്നതിനായി കൗൺസിലിങ്ങിന് വിധേയമാകാൻ ഇരുവരും നാട്ടിലെത്തിയിരുന്നു. എന്നാൽ ഇതിനിടെ യുവതിക്ക് മർദനമേറ്റതായും പരാതിയുണ്ട്.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കൗൺസിലിങ്ങിന് നിർബന്ധിച്ചതാണ് മർദനത്തിന് കാരണമായതെന്നാണ് യുവതിയുടെ ആരോപണം.
സംഭവത്തിൽ കൊല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ പരാതിയിലെ ആരോപണങ്ങളും പുറത്തുവന്ന ഫോൺ സംഭാഷണത്തിന്റെ ആധികാരികതയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.