മാസപ്പടി കേസിൽ അന്വേഷണം റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും; വീണയ്‌ക്കെതിരെ ഫെമ കേസ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം നീളുന്നതായാണ് വിവരം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി കൂടുതൽ വ്യക്തത തേടുന്നത്.

2021ൽ വീണ ടി. സോളസ് എന്ന പരസ്യ കമ്പനിക്ക് പണം കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഈ പണം കൈമാറിയതെന്ന വിവരവും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണമാണോ സോളസ് കമ്പനിക്ക് നൽകിയതെന്നതിലും ഇഡി പരിശോധന നടത്തും.

വീണ ടി.യുടെ ഡയറിയിൽ നിന്നാണ് സോളസ് കമ്പനിയുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇഡിക്ക് ലഭിച്ചതെന്നാണ് സൂചന. ഇടപാടുകളുടെ സ്വഭാവവും പണത്തിന്റെ ഉറവിടവും സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

അതേസമയം, വിദേശത്തേക്കുള്ള സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം ശക്തമാക്കുകയാണ്. ദുബായിലേക്ക് കടത്തിയതായി കണ്ടെത്തിയ 85 ലക്ഷം രൂപ ആരുടെ നിർദേശപ്രകാരമാണ് കൈമാറിയതെന്നും പണം ലഭിച്ചത് ആർക്കാണെന്നും കണ്ടെത്താൻ അന്വേഷണം നടക്കുന്നു. ഏകദേശം 20 കോടി രൂപയുടെ ഇന്ത്യൻ കറൻസി ഇടപാടുകളിലും അന്വേഷണ സംഘം സംശയം ഉന്നയിച്ചിട്ടുണ്ട്.

വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വീണ ടി.ക്കെതിരെ ഫെമ നിയമപ്രകാരമുള്ള കേസെടുക്കാനുള്ള നീക്കവും ഇഡിയുടെ ഭാഗത്തുനിന്നുണ്ടെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് വീണയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസ്, പി. നിഖിൽ, നന്ദുലാൽ എന്നിവർക്കും ഉടൻ സമൻസ് അയച്ചേക്കുമെന്നാണ് വിവരം. ഇവരിൽ നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

മാസപ്പടി ഇടപാടുകൾ, സോളസ് കമ്പനിക്ക് നൽകിയ പണം, തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സാമ്പത്തിക ഇടപാടുകൾ, വിദേശത്തേക്ക് നടത്തിയ പണമിടപാടുകൾ എന്നിവ തമ്മിൽ ബന്ധമുണ്ടോയെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.

Share
Published by
ജനം വെബ്‌ഡെസ്ക്