‘എനിക്കിഷ്ടമാണ് പുലിക്കളി’; തൃശൂർ പൂരത്തോളം ജനങ്ങൾ പുലിക്കളി കാണാനെത്തുന്നത് വൈകൃതമായതുകൊണ്ടാണോ? വി.കെ. ശ്രീരാമന് സുരേഷ് ഗോപിയുടെ മറുപടി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ തനത് ജനകീയ കലാരൂപമായ പുലിക്കളിക്കെതിരെ നടൻ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലിക്കളിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ശ്രീരാമനിൽനിന്ന് ഉണ്ടായത് സങ്കടകരമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ശ്രീരാമൻ ഇത്തരമൊരു പരാമർശം നടത്തുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തൃശൂർ പൂരത്തിനോളം വലിപ്പത്തിലുള്ള ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് ആ കലാരൂപം വൈകൃതമായതുകൊണ്ടാണെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.

വി.കെ. ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി പ്രതികരിച്ചത്. പുലിക്കളിയുടെ സാംസ്കാരിക പ്രസക്തിയും ജനകീയ സ്വീകാര്യതയും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപ കൈമാറിയതായി സുരേഷ് ഗോപി പറഞ്ഞു. ഈ കലാരൂപത്തിന്റെ പ്രസക്തി പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഉൾപ്പെടെ ധനസഹായം അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് പുലിക്കളി പണ്ടേ ഇഷ്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാവപ്പെട്ടവരാണ് ഈ കലാപ്രകടനവുമായി എത്തി സമൂഹത്തിന് ആനന്ദം പകരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യസഭാംഗമായിരുന്ന കാലത്ത് പുലിക്കളി ജനങ്ങളുടെ ഉത്സവമാണെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയതായും സുരേഷ് ഗോപി പറഞ്ഞു. തുടർന്ന് സൗത്ത് സോൺ കൾച്ചറൽ സെന്റർ വഴി പുലിക്കളി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിപ്പിക്കാൻ കഴിഞ്ഞു. പിന്നീട് 50,000 രൂപ വീതം താൻ നേരിട്ടും നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം സഹമന്ത്രിയായ ശേഷമാണ് പുലിക്കളി സംഘങ്ങൾക്ക് കൂടുതൽ തുക അനുവദിക്കാൻ കഴിഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

‘‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്നാണ് വി.കെ. ശ്രീരാമൻ പുലിക്കളിയെ വിശേഷിപ്പിച്ചത്. പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും അതിനെ കലയ്‌ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പരിഹാസം.
ഈ പരാമർശമാണ് വലിയ വിവാദത്തിന് വഴിവെച്ചത്. പുലിക്കളി കേരളത്തിന്റെ ജനകീയ ഉത്സവങ്ങളിലൊന്നാണെന്നും ആയിരക്കണക്കിന് ആളുകൾ നേരിട്ടെത്തി ആസ്വദിക്കുന്ന കലാരൂപമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയരുന്നത്.

ജനങ്ങളുടെ ആഘോഷത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭാഗമായ ഒരു കലാരൂപത്തെ അതിന്റെ അവതരണരീതിയുടെ പേരിൽ മാത്രം ‘വൈകൃതം’ എന്ന് വിശേഷിപ്പിക്കാമോ എന്ന ചോദ്യമാണ് സുരേഷ് ഗോപിയുടെ പ്രതികരണത്തിലൂടെ വീണ്ടും സജീവമായിരിക്കുന്നത്.

Share