‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: പുലിക്കളിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ നടൻ വി.കെ. ശ്രീരാമൻ ഖേദം പ്രകടിപ്പിച്ചു. പുലിക്കളിയെ ‘കലാവൈകൃതം’ എന്ന് വിശേഷിപ്പിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദമായതിന് പിന്നാലെയാണ് അതേ വേദിയിലൂടെ തന്നെ ശ്രീരാമൻ ഖേദം രേഖപ്പെടുത്തിയത്.

പുലിക്കളിയെ സംബന്ധിച്ച് താൻ നേരത്തെ പങ്കുവെച്ച പോസ്റ്റിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ വന്നുവെന്നും പതിവുപോലെ തെറിവിളികളും ഉണ്ടായെന്നും ശ്രീരാമൻ പറഞ്ഞു. എന്നാൽ അതിൽ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം തന്റെ നിലപാടിനെ പുനഃപരിശോധിക്കാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂരിലെ പുലിക്കളി യഥാർഥത്തിൽ ഒരു സിംഗിൾ തീം കാർണിവലാണെന്നും, കാസർകോടൻ പുലിക്കളി പരിശീലനവും മെയ്‌വഴക്കവും ആവശ്യമായ ആയോധനകലയുടെ ഘടകങ്ങൾ ഉൾപ്പെട്ട കലാരൂപമാണെന്നും ചൂണ്ടിക്കാട്ടിയ ഒരു അഭിപ്രായമാണ് ശ്രീരാമൻ പങ്കുവെച്ചത്. കാർണിവലിൽ പ്രധാനമായും ദൃശ്യവിസ്മയം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ആ അഭിപ്രായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിലയിരുത്തൽ ശരിയാണെന്ന് തനിക്ക് ഇപ്പോൾ മനസ്സിലാകുന്നുവെന്നും അതിനാൽ തന്റെ മുൻ അഭിപ്രായപ്രകടനം പക്വമായിരുന്നില്ലെന്നും ശ്രീരാമൻ വ്യക്തമാക്കി.

“ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നുണ്ടാവട്ടെ എന്നാണെന്റെ ആശംസ.”

പുലിക്കളി കലാകാരന്മാർക്കും അതുമായി ബന്ധപ്പെട്ടവർക്കും തന്റെ അഭിപ്രായപ്രകടനവും ഉപയോഗിച്ച അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിലുള്ള ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

നേരത്തെ പുലിക്കളിയെ ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്നാണ് വി.കെ. ശ്രീരാമൻ വിശേഷിപ്പിച്ചിരുന്നത്. പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും കലയ്‌ക്കുവേണ്ടി അതിനെ ഉപയോഗിക്കുന്നത് ആഭാസമാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

ഇതിനെതിരെ പുലിക്കളി സംഘങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലും വ്യാപക വിമർശനം ഉണ്ടായി.

പുലിക്കളിയുടെ ജനകീയതയും സാംസ്കാരിക പ്രാധാന്യവും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും ശ്രീരാമന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു.
പുലിക്കളിക്കെതിരായ പരാമർശം സങ്കടകരമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. തൃശൂർ പൂരത്തിനോളം വലിപ്പമുള്ള ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അത് വൈകൃതമായതുകൊണ്ടാണെന്ന് പറയാൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് പുലിക്കളി പണ്ടേ ഇഷ്ടമാണെന്നും പാവപ്പെട്ടവരാണ് ഈ കലാപ്രകടനവുമായി എത്തി സമൂഹത്തെ ആനന്ദിപ്പിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

പുലിക്കളി ജനങ്ങളുടെ ഉത്സവമാണെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്ന് രാജ്യസഭാംഗമായിരുന്ന കാലത്ത് സൗത്ത് സോൺ കൾച്ചറൽ സെന്റർ വഴി പുലിക്കളി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിപ്പിച്ചതായും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. പിന്നീട് 50,000 രൂപ വീതം നേരിട്ടും നൽകിയെന്നും ടൂറിസം സഹമന്ത്രിയായ ശേഷമാണ് കൂടുതൽ തുക അനുവദിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപ കൈമാറിയതായും സുരേഷ് ഗോപി അറിയിച്ചിരുന്നു. കലാരൂപത്തിന്റെ പ്രസക്തി പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഉൾപ്പെടെ ധനസഹായം അനുവദിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദം ശക്തമായ സാഹചര്യത്തിൽ സ്വന്തം പരാമർശത്തിലെ പദപ്രയോഗങ്ങൾ അനുചിതമായിരുന്നുവെന്ന് അംഗീകരിച്ച് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് വി.കെ. ശ്രീരാമൻ. പുലിക്കളിയെ കൂടുതൽ മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആശംസയോടെയാണ് അദ്ദേഹം പുതിയ കുറിപ്പ് അവസാനിപ്പിച്ചത്.

Share