തൃശൂർ: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ. നെടുമ്പാശ്ശേരി പൊലീസാണ് ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ മാസം കൊച്ചിയിലെ ഒരു സ്പായിൽ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അനീഷിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറന്റും നിലവിലുണ്ടായിരുന്നു. എന്നാൽ പൊലീസ് ഇയാളെ കണ്ടെത്താനാകാതെ വന്നതോടെ അന്വേഷണം ശക്തമാക്കുകയായിരുന്നു.
ഇതിനിടെ അനീഷ് സംസ്ഥാനം വിട്ടുപോകാൻ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അനീഷിനെതിരെ നേരത്തെയും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പുറത്തിറങ്ങി. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ സ്പായിൽ എത്തി ഭീഷണി മുഴക്കിയതായി പരാതി ഉയർന്നത്.
കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും മരട് അനീഷിനെതിരെ കേസുകളുണ്ട്. കർണാടകയിൽ അഞ്ച് കേസുകളും തമിഴ്നാട്ടിൽ മൂന്ന് കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഭൂരിഭാഗം കേസുകളും വധശ്രമവുമായി ബന്ധപ്പെട്ടവയാണ്.
നേരത്തെയും അനീഷ് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. അന്ന് ജയിലിനുള്ളിൽവെച്ചും അക്രമപ്രവർത്തനത്തിൽ ഏർപ്പെട്ട സംഭവമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
സ്പായിൽ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നത്. ഒളിവിൽ കഴിയുന്നതിനിടെ സംസ്ഥാനം വിടാനുള്ള ശ്രമം നടത്തിയതായുള്ള വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇയാൾക്കെതിരായ മറ്റ് കേസുകളും നിലവിലുള്ള നിയമനടപടികളും പൊലീസ് പരിശോധിച്ചുവരികയാണ്.















