തിരുവനന്തപുരം: പിണറായി വിജയനെതിരെ നിലവിൽ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ പിണറായി വിജയൻ തയ്യാറാകണം എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പിണറായി വിജയൻ നടത്തിയിട്ടുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും സമഗ്രമായി അന്വേഷിക്കേണ്ട സാഹചര്യമാണുള്ളത്. എസ്എൻസി ലാവലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (PwC), സ്വർണക്കടത്ത്, മാസപ്പടി തുടങ്ങിയ വിഷയങ്ങൾക്കു പുറമെ, കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ നടന്ന മുഴുവൻ ഇടപാടുകളും അന്വേഷണവിധേയമാക്കണം.
പിണറായി വിജയനും അദ്ദേഹത്തിന്റെ മകളും വിവിധ കമ്പനികളുമായി നടത്തിയിട്ടുള്ളതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണ്. പിണറായി വിജയനുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും ഒരു അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകുന്നു എന്നതിൽ ഭാരതീയ ജനതാ പാർട്ടി സന്തോഷം രേഖപ്പെടുത്തുന്നു. ഈ ഇടപാടുകളിൽ കൂടുതൽ രാഷ്‌ട്രീയ നേതാക്കൾക്ക് പങ്കുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കണം. സമഗ്രമായ അന്വേഷണത്തിലൂടെ കൂടുതൽ സത്യങ്ങൾ കേരള ജനതയ്‌ക്ക് മുന്നിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
പിണറായി വിജയനെ സംരക്ഷിക്കാൻ ഇനിയും ശ്രമിച്ച് സ്വയം അപഹാസ്യരാകരുതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. വ്യക്തികളെയോ രാഷ്‌ട്രീയ സ്ഥാനങ്ങളെയോ സംരക്ഷിക്കുന്നതിനുപകരം, ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുകയാണ് വേണ്ടത്. ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്തുവരുന്നതുവരെ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.