‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

Published by
ജനം വെബ്‌ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തിയ സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ. ‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’ എന്നായിരുന്നു സിജെപി പ്രവര്‍ത്തകന്‍ അശുതോഷ് രങ്കയോടുള്ള എംഎല്‍എയുടെ ചോദ്യം. ജയ്പൂരിലെ ബഗ്രു പട്ടികജാതി സംവരണ മണ്ഡലത്തിലെ എംഎല്‍എയാണ് കൈലാഷ് വര്‍മ്മ. റാംപുര-കന്‍വാര്‍പുര സര്‍ക്കാര്‍ സ്‌കൂളില്‍ ഓഡിറ്റ് നടത്താനെന്ന പേരിലാണ് അശുതോഷ് രങ്കയുടെ നേതൃത്വത്തിലുള്ള സിജെപി പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ഇവരെ ഒരു വിഭാഗം ഗ്രാമവാസികള്‍ തടയുകയും സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘ഗ്രാമത്തിലേക്ക് വരാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യമുണ്ടായി? ഇത് എന്റെ ഗ്രാമമാണ്. ഇവിടുത്തെ ജനങ്ങളുമായി എനിക്ക് ശക്തമായ ബന്ധമുണ്ട്’ എന്ന് കൈലാഷ് വര്‍മ്മ പ്രതികരിച്ചു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെയും വലിയ നഗരങ്ങളുടെയും കാഴ്ചപ്പാടില്‍ നിന്ന് ഗ്രാമീണ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ് ചിലര്‍ സംസാരിക്കുന്നതെന്നും എംഎല്‍എ ആരോപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിന്റെ വികസനത്തിനായി കൈലാഷ് വര്‍മ്മ 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിനാല്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ലെന്നും പറഞ്ഞാണ് ഗ്രാമവാസികള്‍ സിജെപി പ്രവര്‍ത്തകരെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സിജെപി പ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് സംഘടനാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഗ്രാമവാസികളും പൊലീസില്‍ പരാതി നല്‍കി. സിജെപി പ്രവര്‍ത്തകര്‍ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയ ശേഷം സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെന്നാണ് ശിവദാസ്പുര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി.

Share