കൊല്ലം: ശാസ്താംകോട്ട പോലീസിനെതിരെ ഗുരുതര ആരോപണവുമായി 23കാരനും കുടുംബവും. പോലീസ് അതിക്രൂരമായി മർദിച്ചെന്നും ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റെന്നും ആരോപിച്ച് അടൂർ സ്വദേശിയാണ് പരാതി നൽകിയത്. മെഡിക്കൽ റിപ്പോർട്ടിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് യുവാവിന്റെ കുടുംബം പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ്.
പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസുകാരാണ് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയതെന്നാണ് പരാതി. തുടർന്ന് മണിക്കൂറുകളോളം കാറിൽവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിനിടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റതായും തുടർന്ന് ചികിത്സ തേടേണ്ടിവന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും പരാതി പിൻവലിക്കാൻ കടുത്ത സമ്മർദമുണ്ടായെന്നും കുടുംബം പറയുന്നു.
2026 മെയ് 29നാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.