ലാഹോർ: നിസ്കരിച്ചില്ലെന്നാരോപിച്ച് പാകിസ്താനിലെ പഞ്ചാബിൽ 65കാരൻ രണ്ട് കൊച്ചുമക്കളെ വെട്ടിക്കൊലപ്പെടുത്തി. ആറ് വയസുകാരനായ നബീലിനെയും അഞ്ച് വയസുകാരനായ ആദീലുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഫൈസലാബാദ് ജില്ലയിലെ മാമുൻകഞ്ചൻ പട്ടണത്തിലെ ഗൗസിയ കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷാ മുഹമ്മദ് എന്നയാളാണ് ആക്രമണം നടത്തിയത്. മതകാര്യങ്ങളിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഇയാൾ കുടുംബാംഗങ്ങളെ ദിവസവും അഞ്ച് നേരം നിസ്കരിക്കാൻ നിർബന്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇഷാ നിസ്കാരം കൃത്യസമയത്ത് നിർവഹിക്കാത്തതിനെച്ചൊല്ലി ഭാര്യ ആഷ്യ ബീബിയുമായും മരുമകൾ ഹുമൈറയുമായും ഷാ മുഹമ്മദ് തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ആറ് വയസുകാരനായ നബീലിനെയും അഞ്ച് വയസുകാരനായ ആദീലിനെയും ആക്രമിച്ചു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു.
ബഹളം കേട്ടെത്തിയ അയൽവാസികൾ ഷാ മുഹമ്മദിനെ കീഴടക്കി പൊലീസിന് കൈമാറി. ഗുരുതരമായി പരിക്കേറ്റ ആഷ്യ ബീബിയെയും ഹുമൈറയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കുടുംബാംഗങ്ങളെ അനാവശ്യമായി നിയന്ത്രിച്ചിരുന്നയാളാണ് പിതാവെന്ന് ഷാ മുഹമ്മദിന്റെ മകൻ നദീം പൊലീസിനോട് പറഞ്ഞു. ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് പ്രകോപിതനാകുന്ന ഇയാൾ വീട്ടിലെ സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നതായും നദീം പറഞ്ഞു. സംഭവത്തിൽ ഷാ മുഹമ്മദിനെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.