ബാൻഗുയി: മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണഖനി തകർന്നുണ്ടായ വൻ ദുരന്തത്തിൽ മരണസംഖ്യ 107 ആയി ഉയർന്നു. കാമറൂൺ അതിർത്തിക്ക് സമീപം സാംബോയിലെ അബ പ്രദേശത്താണ് നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്വർണഖനി തകർന്നത്. ഖനിയിലെ നിരവധി ഭൂഗർഭ തുരങ്കങ്ങൾ ഒരേസമയം തകർന്നതോടെ തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാരുടെയും പ്രാദേശിക രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുകയാണ്. ആവശ്യമായ ആധുനിക ഉപകരണങ്ങളും വിദഗ്ധ സംവിധാനങ്ങളും ലഭ്യമല്ലാത്തത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായതായി പ്രാദേശിക തൊഴിലാളികൾ പറയുന്നു.
തകർന്ന ഖനിയിൽ നിന്ന് ഓരോ മണിക്കൂറിലും മൃതദേഹങ്ങൾ പുറത്തെടുക്കുന്നുണ്ടെന്നാണ് പ്രാദേശിക റെഡ് ക്രോസ് പ്രവർത്തകർ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാവിലെ മാത്രം പത്തിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ആദ്യം മരണസംഖ്യ 30ഓളം മാത്രമാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കൂടുതൽ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതോടെ മരണസംഖ്യ അതിവേഗം ഉയരുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മരണം 107 ആയി.
അപകടത്തിൽ നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ചിലർ ശ്വാസംമുട്ടി മരിക്കുന്നത് നേരിൽ കണ്ടതായി ദുരന്തത്തിൽ സഹോദരനെയും സുഹൃത്തിനെയും നഷ്ടപ്പെട്ട ഖനിത്തൊഴിലാളി ജെറമി എൻഗ്ബിരി പറഞ്ഞു.
ഖനിയിലെ തൊഴിലാളികൾ ജോലി ചെയ്തിരുന്ന നിരവധി ഭൂഗർഭ തുരങ്കങ്ങൾ തകർന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് ബബൂവ സബ്പ്രെഫെക്ചർ കോടതിയുടെ വിശദീകരണം. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും മരിച്ചവരെയും ഖനി പ്രവർത്തിപ്പിച്ചവരെയും തിരിച്ചറിയുന്നതിനുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖനിയുടെ പ്രവർത്തനത്തിലേ പാളിച്ചകളും പരിശോധിക്കും.
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ഇത്തരം ഖനികളിലെ അപകടങ്ങൾ പതിവാണ്. ആയിരക്കണക്കിന് പേരാണ് രാജ്യത്ത് സുരക്ഷാ സംവിധാനങ്ങൾ പരിമിതമായ ചെറുകിട ഖനന മേഖലയിൽ ജോലി ചെയ്യുന്നത്. പല ഖനികളിലും തുരങ്കങ്ങൾ കൈകൊണ്ട് കുഴിച്ച് നിരവധി മീറ്റർ ആഴത്തിലേക്ക് എത്തുന്നതാണ് പതിവ്. മതിയായ ബലപ്പെടുത്തൽ സംവിധാനങ്ങളില്ലാത്തതിനാൽ ഭൂമിയുടെ ചെറിയ ചലനം പോലും തുരങ്കങ്ങൾ തകർന്നുവീഴാൻ കാരണമാകുന്നു.
അപകടത്തിൽ കൊല്ലപ്പെട്ടവരിൽ അയൽരാജ്യമായ കാമറൂണിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ട്. നാല് കാമറൂണിയക്കാരും രണ്ട് ഛാഡ് രാജ്യക്കാരും കൊല്ലപ്പെട്ടതായി ഖനനമേഖലയ്‌ക്ക് സമീപമുള്ള കാമറൂണിയൻ പട്ടണമായ ഗരോവ-ബൗലായുടെ മേയർ അബ്ദോൺ അഡമോ പറഞ്ഞു. പരിക്കേറ്റ തൊഴിലാളികൾക്ക് അടിയന്തര ചികിത്സ നൽകാൻ തയ്യാറാണെന്ന് കാമറൂൺ സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം, സാംബോ മേഖലയിലെ വേഗത്തിൽ വ്യാപിക്കുന്ന അസുരക്ഷിതവും നിയന്ത്രണമില്ലാത്തതുമായ സ്വർണഖനനത്തെക്കുറിച്ച് നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2025ലെ ഐക്യരാഷ്‌ട്രസഭാ വിദഗ്ധരുടെ റിപ്പോർട്ടിലും പ്രദേശത്തെ അനധികൃത ഖനനവും അതിൽ സായുധ സംഘങ്ങളുടെ പങ്കാളിത്തവും ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഖനന രീതികളാണ് ഇവിടെ തുടരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവർത്തകരുടെ വിലയിരുത്തൽ. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.















