അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം ബാബൂസ് ട്രേഡ് ലിങ്ക്‌സിന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഓണവിപണി ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികള്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉത്രാടദിനമായ ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയാണ് തീപിടിത്തമുണ്ടായത്. പലചരക്ക് സാധനങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവയാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഓണക്കാലത്തെ വില്‍പ്പന മുന്നില്‍ക്കണ്ട് പതിവിലും വലിയ തോതില്‍ സാധനങ്ങള്‍ ഇവിടെ സംഭരിച്ചിരുന്നു.

പ്ലാസ്റ്റിക് ഉള്‍പ്പെടെ എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൂടുതലായിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നു. പ്രദേശത്ത് കനത്ത പുകയും ഉയര്‍ന്നു. അങ്കമാലി ഫയര്‍ സ്റ്റേഷനില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമായി നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയര്‍ സ്റ്റേഷന് സമീപത്തുതന്നെയായിരുന്നു ഗോഡൗണ്‍ സ്ഥിതി ചെയ്തിരുന്നതെങ്കിലും കനത്ത പുകയും തീയുടെ തീവ്രതയും രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ വെല്ലുവിളിയായി.

ദേശീയപാതയോരത്തെ കെട്ടിടത്തിലുണ്ടായ തീപിടിത്തം അങ്കമാലി-ആലുവ ദേശീയപാതയിലെ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഉത്രാടദിനത്തിലെ തിരക്ക് കൂടിയായതോടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടം കാണാന്‍ ആളുകള്‍ കൂട്ടത്തോടെ സ്ഥലത്ത് തടിച്ചുകൂടിയതും മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയതും ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ യാത്രയ്‌ക്ക് പോലും തടസ്സമായി. തീപിടിത്തത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധന നടക്കുകയാണ്.

Share