അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Published by
ജനം വെബ്‌ഡെസ്ക്

ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ 25-ാം വട്ട പ്രത്യേക പ്രതിനിധി തല ചര്‍ച്ചകള്‍ നടന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പങ്കെടുത്ത ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ പുരോഗതിക്ക് അതിര്‍ത്തിയിലെ സമാധാനവും ശാന്തതയും നിര്‍ണായകമായെന്ന് ഡോവല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൈലാസ് മാനസസരോവര്‍ യാത്ര പുനരാരംഭിച്ചതും നാഥുല ഉള്‍പ്പെടെ മൂന്ന് പാതകളിലൂടെയുള്ള പരമ്പരാഗത അതിര്‍ത്തി വ്യാപാരം പുനഃസ്ഥാപിച്ചതും ബന്ധത്തിലെ പുരോഗതിയുടെ സൂചനകളാണെന്നും ഡോവല്‍ ചൂണ്ടിക്കാട്ടി. പരസ്പര വിശ്വാസം ശക്തിപ്പെടുത്താനും തടസ്സങ്ങള്‍ നീക്കാനും കൂടുതല്‍ ആശയവിനിമയം നടത്തണമെന്നും വാങ് യി ആവശ്യപ്പെട്ടു.

അതിര്‍ത്തി പ്രശ്‌നം സമാധാനപരമായി കൈകാര്യം ചെയ്യുന്നതിനൊപ്പം ഉഭയകക്ഷി ബന്ധത്തിന് പുതിയ ഊര്‍ജം നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് പുതിയ ചര്‍ച്ചകള്‍ നടന്നത്. ഷി ജിന്‍പിങ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മോദി-ഷി കൂടിക്കാഴ്ചയ്‌ക്കും ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

Share