നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

Published by
ജനം വെബ്‌ഡെസ്ക്

കാഠ്മണ്ഡു: ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന നേപ്പാളില്‍ മിന്നല്‍ പ്രളയം. മലയോര ജില്ലയായ രസുവയിലെ ശ്യാപ്രു ബേസി, തിമുറെ മേഖലകളിലാണ് പ്രളയം രൂക്ഷമായത്. നിരവധി ഗ്രാമങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗങ്ങളും ഒലിച്ചുപോയതായി അധികൃതര്‍ അറിയിച്ചു. വന്‍ ആളപായത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭോട്ടെ കോശി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നദീതീരത്ത് താമസിക്കുന്നവരോട് സുരക്ഷിതമായ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

നിലവില്‍ ആളപായത്തിന്റെയോ നാശനഷ്ടങ്ങളുടെയോ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്ന് രസുവ ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ നരേന്ദ്ര പരിയാര്‍ പറഞ്ഞു. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി പൊലീസിനെയും സൈന്യത്തെയും സന്നദ്ധസംഘങ്ങളെയും വിന്യസിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിബറ്റില്‍ നിന്ന് ഉത്ഭവിച്ച് നേപ്പാളിലെ തൃശൂലി നദിയിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി പിന്നീട് ഇന്ത്യയില്‍ പ്രവേശിച്ച് ഗണ്ഡക് നദിയായി മാറുന്നു. കഴിഞ്ഞ വര്‍ഷവും ഭോട്ടെ കോശി നദിയിലെ പ്രളയം നേപ്പാളില്‍ വലിയ നാശം വിതച്ചിരുന്നു. അന്ന് ഒന്‍പത് പേര്‍ മരിക്കുകയും 24 പേരെ കാണാതാവുകയും ചെയ്തിരുന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജും അന്ന് തകര്‍ന്നിരുന്നു.

Share