ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

Published by
ജനം വെബ്‌ഡെസ്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യക്ക് തിരിച്ചടി. നാലാം ദിനത്തില്‍ മുഹമ്മദ് സിറാജിന് പരിക്കേറ്റു. ക്യാച്ചെടുക്കുന്നതിനായി ഡൈവ് ചെയ്യുന്നതിനിടെയാണ് സിറാജിന്റെ വാരിയെല്ലിന് പരിക്കേറ്റത്. തുടര്‍ന്ന് താരം കുറച്ചുസമയം ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സിന്റെ 11-ാം ഓവറിലായിരുന്നു സംഭവം. മാനവ് സുതാര്‍ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് പസിന്ദു സൂര്യബന്ദാര സ്വീപ്പ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടോപ് എഡ്ജായി. ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജ് ക്യാച്ചെടുക്കാന്‍ ഓടിയെത്തി മുന്നോട്ട് ഡൈവ് ചെയ്തു.

എന്നാല്‍ പന്ത് കൈയില്‍ ഒതുക്കാനായില്ല. ഡൈവ് ചെയ്യുന്നതിനിടെ നെഞ്ചിന്റെ വശം നിലത്ത് ശക്തമായി ഇടിച്ചതോടെ സിറാജിന് കടുത്ത വേദന അനുഭവപ്പെട്ടു. വാരിയെല്ലിന്റെ ഭാഗം അമര്‍ത്തിപ്പിടിച്ച് താരം ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ സംഘം സിറാജിനെ പരിശോധിച്ചു. പിന്നാലെ താരത്തെ ഡഗ്ഗൗട്ടിലേക്ക് മാറ്റി. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് നിലവില്‍ വ്യക്തമായിട്ടില്ല. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ മറ്റൊരു പ്രധാന താരത്തിനുകൂടി പരിക്കേറ്റത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിടെ തോളിന് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഇതിനകം ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പകരം ധ്രുവ് ജുറെലാണ് വിക്കറ്റ് കീപ്പറുടെ ചുമതല വഹിക്കുന്നത്. സിറാജിനും പരിക്കേറ്റ് പുറത്തിരിക്കേണ്ടിവന്നാല്‍, മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയ്‌ക്ക് അത് വലിയ തിരിച്ചടിയാകും. ശ്രീലങ്കയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്‌ത്തി കുറഞ്ഞ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് മത്സരം സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അതിനാല്‍ സിറാജിന്റെ പരിക്കിന്റെ ഗുരുതരാവസ്ഥയും താരം വീണ്ടും പന്തെറിയാന്‍ കഴിയുമോ എന്നതും അഞ്ചാം ദിനത്തിന് മുമ്പ് ഇന്ത്യയെ സംബന്ധിച്ച നിര്‍ണായക ചോദ്യമാണ്.

Share