ന്യൂയോർക്ക് സിറ്റി/ന്യൂഡൽഹി: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ന്യൂയോർക്കിലെത്തി. ആർഎസ്എസിന്റെ ശതാബ്ദി വർഷത്തിലെ ആഗോള സമ്പർക്ക പരിപാടികളുടെ ഭാഗമായിട്ടാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ഓഗസ്റ്റ് 29 ന് ഉച്ചയ്‌ക്ക് 2 മണി മുതൽ വൈകുന്നേരം 5:30 വരെ (ET) ന്യൂയോർക്ക് നഗരത്തിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടക്കുന്ന ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻസ്’ എന്ന പരിപാടിയിൽ ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് സംസാരിക്കും. അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ് (AHEAD) ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാഡിസൺ സ്‌ക്വയർ ഗാർഡനിലെ ഇൻഫോസിസ് തിയേറ്ററിലാണ് പരിപാടി.
അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ് (AHEAD) ഫോറമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. വിവിധ മതവിഭാഗങ്ങളിലും സംസ്കാരങ്ങളിലും ഉൾപ്പെട്ടവർക്കായുള്ള തുറന്ന സംവാദവേദിയായാണ് യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഇരുനൂറിലധികം സംഘടനകളുടെ പങ്കാളിത്തം പരിപാടിയിലുണ്ടാകുമെന്നും സംഘാടകർ വ്യക്തമാക്കി.
ഏകദേശം 5,000 പേർ പങ്കെടുക്കുന്ന സമ്മേളനത്തെ മോഹൻ ഭാഗവത് അഭിസംബോധന ചെയ്യും. ‘ലോകം ഒരു കുടുംബം’ എന്ന സാർവത്രിക സന്ദേശമാണ് പരിപാടിയുടെ അടിസ്ഥാന ആശയം. മനുഷ്യരെ വേർതിരിക്കുന്ന കൃത്രിമമായ അതിർവരമ്പുകൾക്കും വ്യത്യാസങ്ങൾക്കും അതീതമായി, മനുഷ്യരാശിയെ ഒന്നിപ്പിക്കുന്ന ബന്ധങ്ങൾ തിരിച്ചറിയുകയും പരസ്പര ബഹുമാനം, സൗഹാർദം, ഏകത എന്നിവയുടെ മനോഭാവം സ്വീകരിക്കുകയും ചെയ്യണമെന്ന സന്ദേശമാണ് പരിപാടിയിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്.
യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള തുറന്ന ആശയവിനിമയത്തിനുള്ള വേദിയാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു. സംഭാഷണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അന്തരീക്ഷത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്വാഗതം ചെയ്യുന്നതുമായ ഭാരതീയ മൂല്യങ്ങളാണ് പരിപാടി പ്രതിഫലിപ്പിക്കുന്നതെന്നും സുനിൽ ആംബേക്കർ പറഞ്ഞു.
ആർഎസ്എസിന്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സംഘടനയുടെ ആഗോള സമ്പർക്ക പരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനം. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹങ്ങളുമായും സംഘടനകളുമായും ആശയവിനിമയം ശക്തിപ്പെടുത്തുക എന്നതും സന്ദർശനത്തിന്റെ ലക്ഷ്യമാണ്.
ന്യൂയോർക്കിലെ ഐതിഹാസികമായ മാഡിസൺ സ്‌ക്വയർ ഗാർഡൻ വേദിയാകുന്ന പരിപാടിയിലേക്ക് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും സംഘടനാ പ്രതിനിധികളും എത്തും. മത-സാംസ്കാരിക വൈവിധ്യങ്ങൾക്കിടയിലും ഏകതയും പരസ്പര ബഹുമാനവും വളർത്തുകയെന്ന ആശയത്തിലൂന്നിയാകും പരിപാടിയിലെ സംവാദങ്ങൾ.