ലോസ് ആഞ്ചലസ്: ട്രാൻസ്ഫോർമേഴ്സ് ആരാധകരുടെ മനസിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന ഓപ്റ്റിമസ് പ്രൈമിന് ശബ്ദം നൽകിയ ഇതിഹാസ വോയ്സ് ആക്ടർ പീറ്റർ കല്ലൻ അന്തരിച്ചു. 85 വയസായിരുന്നു. ഓഗസ്റ്റ് 26ന് ലോസ് ആഞ്ചലസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബത്തെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ പ്രതിനിധി മരണവിവരം സ്ഥിരീകരിച്ചു.
പീറ്റർ കല്ലന്റെ ശബ്ദത്തിലൂടെയാണ് ഓപ്റ്റിമസ് പ്രൈം എന്ന ഓട്ടോബോട്ട് നേതാവ് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായി മാറിയത്. 1984ൽ പുറത്തിറങ്ങിയ ഒറിജിനൽ Transformers ആനിമേറ്റഡ് സീരീസിലാണ് അദ്ദേഹം ആദ്യമായി ഓപ്റ്റിമസ് പ്രൈമിന് ശബ്ദം നൽകിയത്. പിന്നീട് 1986ലെ The Transformers: The Movieയിലും കഥാപാത്രത്തെ അവതരിപ്പിച്ചു.
2007ൽ മൈക്കൽ ബേ സംവിധാനം ചെയ്ത ലൈവ്-ആക്ഷൻ Transformers സിനിമയിലൂടെയും കല്ലൻ ഓപ്റ്റിമസ് പ്രൈമിന്റെ ശബ്ദമായി തിരിച്ചെത്തി. തുടർന്ന് Revenge of the Fallen, Dark of the Moon, Age of Extinction, The Last Knight തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം കഥാപാത്രത്തിന് ശബ്ദം നൽകി. Bumblebee, Rise of the Beasts എന്നിവയിലും ഓപ്റ്റിമസ് പ്രൈമിന്റെ ശബ്ദം കല്ലന്റേതായിരുന്നു.
നാലുപതിറ്റാണ്ടിലേറെക്കാലം ഒരേ കഥാപാത്രത്തിന് ശബ്ദം നൽകിയത് പീറ്റർ കല്ലന്റെ കരിയറിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായിരുന്നു. ഓപ്റ്റിമസ് പ്രൈമിന്റെ ഗാംഭീര്യമുള്ളതും അതേസമയം കരുത്തിനൊപ്പം കരുണയും പ്രകടിപ്പിക്കുന്നതുമായ ശബ്ദം കഥാപാത്രത്തിന്റെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായി മാറി.
എന്നാൽ ഓപ്റ്റിമസ് പ്രൈം മാത്രമായിരുന്നില്ല കല്ലന്റെ ശ്രദ്ധേയമായ കഥാപാത്രം. Winnie the Pooh പരമ്പരയിലെ ഈയോർ (Eeyore) എന്ന പ്രിയപ്പെട്ട കഥാപാത്രത്തിനും അദ്ദേഹം ശബ്ദം നൽകി. Knight Riderയിലെ K.A.R.R., King Kong ഉൾപ്പെടെയുള്ള നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വീഡിയോ ഗെയിമുകളിലും അദ്ദേഹം ശബ്ദസാന്നിധ്യം രേഖപ്പെടുത്തി. Predator എന്ന ചിത്രത്തിലെ ഭീകര ജീവിയുടെ ശബ്ദാവിഷ്കാരത്തിലും കല്ലന്റെ സംഭാവനയുണ്ടായിരുന്നു.
1941 ജൂലൈ 28ന് കാനഡയിലെ മോൺട്രിയലിൽ ജനിച്ച പീറ്റർ കല്ലൻ ആറ് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതമാണ് പിന്നിട്ടത്. ആദ്യം ടെലിവിഷൻ പരിപാടികളിലും ലൈവ്-ആക്ഷൻ വേഷങ്ങളിലുമായിരുന്നു സാന്നിധ്യം. പിന്നീട് വോയ്സ് ആക്ടിംഗിലേക്ക് തിരിഞ്ഞതോടെ ആനിമേഷൻ ലോകത്തെ ഏറ്റവും തിരിച്ചറിയാവുന്ന ശബ്ദങ്ങളിൽ ഒന്നായി മാറി.
ഓപ്റ്റിമസ് പ്രൈമിന്റെ ശബ്ദം രൂപപ്പെടുത്താൻ തന്റെ സഹോദരൻ ലാറി കല്ലനിൽ നിന്ന് പ്രചോദനം നേടിയതായി പീറ്റർ കല്ലൻ മുമ്പ് പറഞ്ഞിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ സേവനമനുഷ്ഠിച്ച സഹോദരന്റെ വ്യക്തിത്വവും ശബ്ദവും കഥാപാത്രത്തിന്റെ ശബ്ദത്തിന് പ്രചോദനമായിരുന്നു. ശക്തനായിരിക്കുമ്പോഴും സൗമ്യത കൈവിടാത്ത ഒരു നായകന്റെ ശബ്ദമായാണ് അദ്ദേഹം ഓപ്റ്റിമസ് പ്രൈമിനെ രൂപപ്പെടുത്തിയത്.
2023ൽ നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസിന്റെ ലൈഫ്‌ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ട്രാൻസ്ഫോർമേഴ്സ് ഹാൾ ഓഫ് ഫെയിമിലും അദ്ദേഹത്തിന് സ്ഥാനം ലഭിച്ചിട്ടുണ്ട്.
ഒരു തലമുറയുടെ ബാല്യത്തെ ശബ്ദത്തിലൂടെ രൂപപ്പെടുത്തിയ കലാകാരനാണ് പീറ്റർ കല്ലൻ. സ്ക്രീനിൽ റോബോട്ടുകളുടെ നേതാവായ ഓപ്റ്റിമസ് പ്രൈം വീണ്ടും വീണ്ടും തിരിച്ചെത്തുമെങ്കിലും, ആ കഥാപാത്രത്തിന് ജീവൻ നൽകിയ അദ്ദേഹത്തിന്റെ ഗാംഭീര്യമാർന്ന ശബ്ദം ഇനി ചരിത്രത്തിന്റെ ഭാഗമായിരിക്കും.















