തിരുവനന്തപുരം: ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ വീണ്ടും തുറക്കും. സ്കൂളുകൾ തുറക്കുന്നതോടെ നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാർഷിക പരീക്ഷയും നടക്കും. ഓണാഘോഷ പരിപാടികൾ കണക്കിലെടുത്ത് മാറ്റിവെച്ച എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഓഗസ്റ്റ് 14 മുതൽ 20 വരെയായിരുന്നു സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷകൾ നടന്നത്. ഓഗസ്റ്റ് 21ന് ഓണാഘോഷ പരിപാടികൾ നടക്കുന്ന ദിവസം കൂടി പരീക്ഷ നടത്താനായിരുന്നു ആദ്യം വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാൽ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികളും അധ്യാപകരും രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിയത്. അന്ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച് സ്കൂളുകൾ അടയ്‌ക്കുകയായിരുന്നു.
മാറ്റിവെച്ച പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ സ്കൂൾ തുറക്കുന്നതിനൊപ്പം വിദ്യാർഥികൾ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പുകളിലേക്കും കടക്കും.
ഓഗസ്റ്റ് 22 മുതലാണ് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി ആരംഭിച്ചത്. ഒമ്പത് ദിവസത്തെ അവധിക്ക് ശേഷമാണ് നാളെ ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്. ഓണാഘോഷത്തിന്റെയും അവധിയുടെയും ഇടവേളയ്‌ക്ക് ശേഷം പുതിയ അധ്യയനക്രമത്തിലേക്ക് വിദ്യാർഥികൾ തിരിച്ചെത്തും.