തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് ആരോപിച്ച് മനുസ്മൃതി കത്തിക്കണമെന്ന ആവശ്യം ഉന്നയിച്ച രാഹുല്‍ ഗാന്ധി, കേരളത്തിലെ ഒരു മതനേതാവില്‍നിന്ന് ഉയര്‍ന്ന സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കാത്തത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കേരളത്തില്‍ ഒരു മതസംഘടനയുടെ നേതാവില്‍നിന്ന് സ്ത്രീകളുടെ പൊതുപങ്കാളിത്തത്തെയും സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന പ്രസ്താവനകള്‍ ഉയര്‍ന്നിട്ടും രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എം.ടി. രമേശ് ചോദിച്ചു.
കാന്തപുരം ഉള്‍പ്പെടെയുള്ള മതനേതൃത്വങ്ങളില്‍നിന്ന് ഉയരുന്ന വിവാദപരമായ പ്രസ്താവനകളോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണ്ടേയെന്നും മതനേതൃത്വത്തില്‍നിന്ന് ഉയരുന്ന ഇത്തരം ഫത്വകള്‍ക്കെതിരെ കോണ്‍ഗ്രസിന് നിലപാടില്ലേയെന്നും രമേശ് ചോദിച്ചു. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഡല്‍ഹിയില്‍ മാത്രം ബാധകമാണോ, വയനാട്ടില്‍ ബാധകമല്ലേയെന്നും അദ്ദേഹം പരിഹസിച്ചു.
ഒരു വശത്ത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിപ്പറയുകയും മറുവശത്ത് സംഘടിത മത-സാമുദായിക ശക്തികളുടെ നേതാക്കള്‍ക്കു മുന്നില്‍ മൗനം പാലിക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ലെന്നും രമേശ് ആരോപിച്ചു. സ്ത്രീസ്വാതന്ത്ര്യം രാഷ്‌ട്രീയ സൗകര്യത്തിനനുസരിച്ച് മാറ്റിവയ്‌ക്കേണ്ട വിഷയമല്ലെന്നും എവിടെ സ്ത്രീകളുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടാലും ഒരേ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.















