നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Published by
ജനം വെബ്‌ഡെസ്ക്

ബഗഹ (ബിഹാര്‍): നേപ്പാളിലെ പ്രളയജലത്തിനൊപ്പം ബിഹാറിലെ ബഗഹ പ്രദേശത്തെ നദികളില്‍ അപരിചിതവും അസാധാരണവുമായ മത്സ്യങ്ങള്‍ എത്തിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. ഇവ ഭക്ഷിക്കരുതെന്നും പിടിക്കുകയോ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളിലാണ് ബഗഹയിലെ വിവിധ നദികളില്‍ ഇതുവരെ പ്രദേശവാസികള്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മത്സ്യങ്ങളെ കണ്ടെത്തിയത്. നേപ്പാളിലെ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രളയജലത്തിനൊപ്പം മത്സ്യങ്ങള്‍ ഒഴുകിയെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

അപരിചിത മത്സ്യങ്ങള്‍ കഴിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ചിലര്‍ക്ക് വിഷബാധയുണ്ടായതായി അധികൃതര്‍ അറിയിച്ചു. ജലാശയങ്ങളിലെ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ ഇത്തരം മത്സ്യങ്ങള്‍ ഭക്ഷിക്കുന്നത് ഒഴിവാക്കണമെന്നാണ് ബഗഹ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ചാന്ദ്‌നി കുമാരിയും ബിഹാര്‍ മൃഗസംരക്ഷണ-മത്സ്യവിഭവ വകുപ്പും നല്‍കിയ നിര്‍ദേശം. വിചിത്രരൂപത്തിലുള്ളതും പരിചിതമല്ലാത്തതുമായ മത്സ്യങ്ങളെ കണ്ടെത്തിയാല്‍ അവ പിടിക്കുകയോ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവ ഭക്ഷ്യയോഗ്യമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ ഭക്ഷണത്തിനായി ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

അപരിചിത മത്സ്യങ്ങളെ കണ്ടെത്തുന്നവര്‍ ജില്ലാ ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ വിവരം അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്. പ്രദേശത്തെ നദികളിലെ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന നിലയിലായതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ മത്സ്യങ്ങള്‍ പ്രളയജലത്തിനൊപ്പം ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്ന് എസ്ഡിഎം ചാന്ദ്‌നി കുമാരി മുന്നറിയിപ്പ് നല്‍കി.

പ്രളയകാലത്ത് കുളങ്ങള്‍, നദികള്‍, തടാകങ്ങള്‍ തുടങ്ങിയ ജലാശയങ്ങളില്‍നിന്ന് മത്സ്യങ്ങള്‍ സ്വാഭാവിക ആവാസവ്യവസ്ഥ വിട്ട് മറ്റിടങ്ങളിലേക്ക് ഒഴുകിയെത്തുന്നത് സാധാരണമാണ്. ഇത്തരത്തില്‍ ഒഴുകിയെത്തുന്ന മത്സ്യങ്ങള്‍ മലിനജലം, ചത്ത മൃഗങ്ങള്‍, മറ്റ് മലിന വസ്തുക്കള്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനാല്‍ രോഗാണുബാധയ്‌ക്കുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Share