‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രനേട്ടം കുറിച്ച് എയര്‍ വൈസ് മാര്‍ഷല്‍ ശക്തി ശര്‍മ്മ. ഇന്ത്യന്‍ പ്രതിരോധ സേനയില്‍ മെഡിക്കല്‍ വിഭാഗത്തിന് പുറത്തുനിന്ന് എയര്‍ വൈസ് മാര്‍ഷല്‍ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടമാണ് ശക്തി ശര്‍മ്മ സ്വന്തമാക്കിയത്. സെപ്റ്റംബര്‍ ഒന്നിന് എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അസിസ്റ്റന്റ് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് (എജ്യുക്കേഷന്‍) ആയി അവര്‍ ചുമതലയേറ്റു. 1994 ജൂണ്‍ 18ന് ഇന്ത്യന്‍ വ്യോമസേനയുടെ എജ്യുക്കേഷന്‍ ബ്രാഞ്ചില്‍ കമ്മീഷന്‍ ചെയ്ത ശക്തി ശര്‍മ്മയ്‌ക്ക് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനപരിചയമുണ്ട്.

പരിശീലന സ്ഥാപനങ്ങള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ വിവിധ ചുമതലകള്‍ വഹിച്ചാണ് ശക്തി ശര്‍മ്മ പുതിയ പദവിയിലെത്തുന്നത്. കരിയറിലുടനീളം നിരവധി സുപ്രധാന സ്ഥാപനപരമായ പദ്ധതികള്‍ക്ക് ശക്തി ശര്‍മ്മ നേതൃത്വം നല്‍കി. ഐഐടി കാണ്‍പൂരിലും പൂനെ സര്‍വകലാശാലയിലും ഐഎഎഫ് ചെയേഴ്‌സ് ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. അക്കാദമിക് മേഖലയെയും പ്രതിരോധ മേഖലയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായിരുന്നു ഈ സംരംഭങ്ങള്‍.

മൂന്ന് സേനകളില്‍ നിന്നുള്ള ഓഫീസര്‍മാരില്‍ സൈനിക് സ്‌കൂളിന്റെ കമാന്‍ഡറായി ചുമതലയേല്‍ക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടവും ശക്തി ശര്‍മ്മ സ്വന്തമാക്കിയിട്ടുണ്ട്. സൈനിക് സ്‌കൂള്‍ കപൂര്‍ത്തലയുടെ പ്രിന്‍സിപ്പലായും അവര്‍ സേവനമനുഷ്ഠിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട വിശിഷ്ട സേവനത്തിന് ശേഷമാണ് ശക്തി ശര്‍മ്മ ഇന്ത്യന്‍ പ്രതിരോധ സേനയിലെ വനിതാ ഓഫീസര്‍മാരുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചിരിക്കുന്നത്. അവരുടെ നേട്ടം വരുംതലമുറയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് വലിയ പ്രചോദനമാകുമെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി.

Share