കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: കണ്ണൂര്‍ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും ശിക്ഷ വിധിച്ച് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. ഒരു മാസത്തിനകം പിഴത്തുക അടയ്‌ക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. ഒരു വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നതിനാല്‍ നിലവിലെ നിയമവ്യവസ്ഥ പ്രകാരം മാണി സി കാപ്പന്റെ എംഎല്‍എ സ്ഥാനത്തിന് ശിക്ഷ നേരിട്ട് ബാധകമാകില്ല.

കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കേസ് ഇന്ന് വാദത്തിനായി പരിഗണിക്കാനിരുന്നതാണെന്നും താന്‍ കോടതിയില്‍ ഹാജരായിരുന്നില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ”ഞാന്‍ ഹാജരാകാതെ എങ്ങനെ വിധി പറയാനാകും?” എന്നും അദ്ദേഹം ചോദിച്ചു. കേസ് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മാണി സി കാപ്പന്റെ വാദം. പരാതിക്കാരന് പണം നല്‍കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് ലഭിക്കാനിരിക്കുന്ന ഒരു പദവി തടയുക എന്ന ലക്ഷ്യത്തോടെയാണ് കേസിന് പിന്നിലെ നീക്കങ്ങളെന്നും മാണി സി കാപ്പന്‍ ആരോപിച്ചു. അതേസമയം, കേസിലെ കോടതി വിധിയും അതിനെതിരായ എംഎല്‍എയുടെ പ്രതികരണവും നിയമപരമായ തുടര്‍നടപടികള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Share