തിരുവനന്തപുരം: സിനിമ കാണാൻ തിയറ്ററിലെത്തുന്ന പ്രേക്ഷകരെ കാത്തിരിക്കുന്നത് സിനിമയുടെ ടിക്കറ്റിനേക്കാൾ വലിയ ‘ചെലവ്’! തിയറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്തു 25 രൂപയ്‌ക്ക് ലഭിക്കുന്ന പോപ്‌കോണിന് തിയറ്ററുകളിൽ 250 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണുള്ളതെന്ന് മേയർ ചൂണ്ടിക്കാട്ടി.
തിയറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ പോലും ലോൺ എടുക്കേണ്ട അവസ്ഥയാണെന്നായിരുന്നു വി.വി. രാജേഷിന്റെ പരിഹാസം. സിനിമ കാണാനെത്തുന്ന സാധാരണ കുടുംബങ്ങൾക്ക് തിയറ്ററുകളിലെ ഭക്ഷണവില വലിയ അധിക സാമ്പത്തിക ബാധ്യതയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് കൊച്ചുകുട്ടികളുമായി സിനിമയ്‌ക്കെത്തുന്ന രക്ഷിതാക്കളാണ് അമിതവിലയുടെ പ്രധാന ഇരകളെന്നും മേയർ ചൂണ്ടിക്കാട്ടി. 1,000 രൂപ നൽകിയാൽ മാത്രമേ കുട്ടികൾക്ക് ആവശ്യമായ പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ വാങ്ങാൻ കഴിയൂ എന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യം ഒട്ടും ആരോഗ്യകരമായ പ്രവണതയല്ലെന്നും മേയർ വ്യക്തമാക്കി.
തിയറ്ററുകളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള നേരിട്ടുള്ള അധികാരം തിരുവനന്തപുരം കോർപ്പറേഷനില്ല. അതിനാൽ വിഷയം ലീഗൽ മെട്രോളജിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കോർപ്പറേഷന്റെ തീരുമാനം. അമിതവില ഈടാക്കുന്നതിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ ഇടപെടൽ നടത്തണമെന്നും മേയർ ആവശ്യപ്പെട്ടു.
വിലനിർണയം കോർപ്പറേഷന്റെ അധികാരപരിധിയിൽ വരാത്ത വിഷയമാണെങ്കിലും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ രാഷ്‌ട്രീയ പ്രവർത്തകർ എന്ന നിലയിൽ കൃത്യമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും വി.വി. രാജേഷ് പറഞ്ഞു. തിയറ്ററുകളിലെ ഭക്ഷണവില നിയന്ത്രിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.















