ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങളുടെ ചെമ്പുപാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കമുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തല്‍. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരം പുറത്തുവന്നത്. 2019ല്‍ ശബരിമലയില്‍നിന്ന് ഇളക്കി മാറ്റിയ പാളികള്‍ക്ക് പകരം പുതിയ പാളികള്‍ സ്ഥാപിച്ചോയെന്നതടക്കമുള്ള അന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും പഴയ ദ്വാരപാലക പാളികള്‍ മാറ്റി പകരം പുതിയ പാളികള്‍ സ്ഥാപിച്ചെന്ന അന്വേഷണ സംഘത്തിന്റെ നിഗമനങ്ങള്‍ക്കാണ് പരിശോധനാ ഫലം കൂടുതല്‍ പ്രസക്തി നല്‍കുന്നത്. 2019 ഓഗസ്റ്റ് 20ന് പമ്പയില്‍നിന്ന് കടത്തിയ ദ്വാരപാലക പാളികള്‍ക്ക് സമാനമായ രൂപത്തിലുള്ള പുതിയ പാളികള്‍ ഹൈദരാബാദില്‍ നിര്‍മിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പിന്നീട് ഇവ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം പൂശിയെന്നാണ് അന്വേഷണത്തില്‍ പറയുന്നത്.

1998ല്‍ യു.ബി. ഗ്രൂപ്പ് ഉടമ വിജയ് മല്യയുടെ നേതൃത്വത്തില്‍ 1,900 കിലോഗ്രാം ചെമ്പുപാളികളിലായി 30.3 കിലോഗ്രാം സ്വര്‍ണം ശ്രീകോവിലിന്റെ ചുവരുകളിലും മേല്‍ക്കൂരയിലുമായി സ്ഥാപിച്ചിരുന്നു. ഏകദേശം 20 വര്‍ഷത്തിന് ശേഷം 2019ലാണ് ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും തുടര്‍ന്ന് ദ്വാരപാലക പാളികളും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. 2019 ഓഗസ്റ്റ് 19, 20 തീയതികളില്‍ ശബരിമല സന്നിധാനത്തുനിന്ന് ഇളക്കി മാറ്റിയ ദ്വാരപാലക പാളികള്‍ ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലും പിന്നീട് ഹൈദരാബാദ് വഴി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും എത്തിയെന്നാണ് അന്വേഷണ രേഖകളിലുള്ളത്.

ശബരിമലയില്‍നിന്ന് ചെന്നൈയിലെ സ്ഥാപനത്തില്‍ സാധാരണയായി 15 മുതല്‍ 20 മണിക്കൂറിനുള്ളില്‍ എത്തിക്കേണ്ട പാളികള്‍ 39 ദിവസം എവിടെയായിരുന്നു എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് നല്‍കിയ ആദ്യ മൊഴിയിലും തങ്ങളുടെ കൈവശം ലഭിച്ചത് പുതിയ പാളികളായിരുന്നുവെന്ന് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് എസ്.ഐ.ടി ചോദ്യം ചെയ്യലില്‍ മൊഴി മാറ്റിയതും അന്വേഷണത്തില്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

മൊഴിമാറ്റത്തിന് പിന്നില്‍ അന്നത്തെ സര്‍ക്കാര്‍ ഉന്നതര്‍ക്ക് പങ്കുണ്ടായിരുന്നെന്ന ആരോപണവും സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷണത്തിലൂടെ സ്ഥിരീകരിച്ച വസ്തുതയായി നിലവില്‍ പറയാനാകില്ല. അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് ജംഷഡ്പൂരിലെ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണ് ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷത്തെ പഴക്കം മാത്രമാണെന്ന വിവരം പുറത്തുവന്നത്. പരിശോധനാഫലം നേരത്തെ ലഭിച്ചിട്ടും എസ്.ഐ.ടി ഇക്കാര്യം പുറത്തുവിടാതിരുന്നതെന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

അന്വേഷണ സംഘത്തിന് മേല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്. എന്നാല്‍ പാളികള്‍ മാറ്റിയതിലും സ്വര്‍ണം നീക്കം ചെയ്തതിലും ആരൊക്കെ നേരിട്ട് പങ്കെടുത്തു, പുതിയ പാളികള്‍ എപ്പോള്‍ നിര്‍മിച്ചു, സാമ്പത്തിക ഇടപാടുകള്‍ എങ്ങനെ നടന്നു തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ വ്യക്തത അന്വേഷണത്തിന്റെയും കോടതിയുടെയും തുടര്‍നടപടികളിലൂടെയാണ് ലഭിക്കേണ്ടത്.

Share