തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്ത് നടക്കുന്നത് അതിരുകടന്ന പ്രീണന രാഷ്‌ട്രീയമാണെന്ന് ആരോപിച്ച അദ്ദേഹം, മുസ്ലീംലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും സന്തോഷിപ്പിക്കുന്നതിനായാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
‘100 ദിവസം, വികസനം പൂജ്യം’ എന്ന തലക്കെട്ടോടെയാണ് രാജീവ് ചന്ദ്രശേഖര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അഞ്ച് ഗ്യാരന്റികളില്‍ നാലെണ്ണവും പാലിച്ചില്ലെന്നും പുതിയ തൊഴിലവസരങ്ങളോ വ്യവസായങ്ങളോ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ 100 ദിവസത്തിനിടെ 12,500 കോടി രൂപയുടെ അധിക കടബാധ്യത വരുത്തിയെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറ്റൊരു ആരോപണം.
നിയമവാഴ്ചയുടെ ലംഘനം, പി.എസ്.സി തട്ടിപ്പുകളില്‍ കൃത്യമായ അന്വേഷണം ഇല്ലായ്മ, എക്‌സാലോജിക് അഴിമതിയില്‍ നടപടിയില്ലായ്മ തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ വര്‍ധിച്ചെന്നും രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്നതിനായി വന്ദേമാതരത്തെ അധിക്ഷേപിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ഇവയ്‌ക്കൊപ്പം സര്‍ക്കാരിന്റെ ഭരണനിലവാരത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
കേരളത്തിലെ യുവജനങ്ങളെയും അയ്യപ്പ വിശ്വാസികളെയും നിയമം അനുസരിക്കുന്ന മലയാളികളെയും വി.ഡി. സതീശന്‍ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. 100 ദിവസം പിന്നിട്ടിട്ടും കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാര്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും അടുത്ത അഞ്ച് വര്‍ഷവും കാര്യമായ വികസനം ഉണ്ടാകില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.















