കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

Published by
ജനം വെബ്‌ഡെസ്ക്

പട്ന: നേപ്പാളിൽ നിന്നുള്ള പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ. ഇത്തരം മത്സ്യങ്ങൾ കഴിച്ചതിനെ തുടർന്ന് ചിലർക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

ഡയറി, അനിമൽ ആൻഡ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പ് ചൊവ്വാഴ്ചയാണ് നിർദേശം പുറത്തിറക്കിയത്. നേപ്പാളിൽ നിന്നുള്ള പ്രളയജലത്തിനൊപ്പം ബിഹാറിലെ ചില പ്രദേശങ്ങളിൽ അപരിചിത ഇനത്തിൽപ്പെട്ട മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു.

പ്രളയസമയത്ത് കുളങ്ങൾ, നദികൾ, തടാകങ്ങൾ, ജലസംഭരണികൾ എന്നിവയിൽനിന്ന് ഒഴുകിപ്പോകുന്ന മത്സ്യങ്ങൾ വലിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കാം. തുറന്ന ഓടകൾ, ചത്ത മൃഗങ്ങൾ, അഴുകിയ ജൈവവസ്തുക്കൾ എന്നിവയുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നതിനാൽ ഇത്തരം മത്സ്യങ്ങളിൽ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ സാന്നിധ്യത്തിനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കി.

പ്രളയജലത്തിൽനിന്ന് ലഭിക്കുന്ന മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണെന്നാണ് മുന്നറിയിപ്പ്. പരിസ്ഥിതി സാഹചര്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയും സ്വാഭാവിക മലിനീകരണവും രോഗാണുക്കളുടെ സാന്നിധ്യവും കുറയുകയും ചെയ്യുന്നതുവരെ പ്രളയജലത്തിൽനിന്ന് പിടിക്കുന്ന മത്സ്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു.

ഇത്തരം മത്സ്യം കഴിച്ചതിന് ശേഷം ഛർദി, വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയ അസാധാരണ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

അപരിചിത ഇനം മത്സ്യങ്ങളെ കണ്ടെത്തിയാൽ ബന്ധപ്പെട്ട ജില്ലാ ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്. മുൻകരുതൽ എന്ന നിലയിൽ പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കുന്നത് കർശനമായി ഒഴിവാക്കണമെന്നും വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Share