അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ സേവനം തേടി എത്തുന്നവരെയും കുറ്റക്കാരായി കാണാമെന്ന് ഹൈക്കോടതി. വിഷയത്തിൽ സിംഗിൾ ബെഞ്ചുകൾ വ്യത്യസ്ത നിലപാടുകളുള്ള വിധികൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ച് നിയമനിലപാടിൽ വ്യക്തത വരുത്തിയത്. ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക വിധി.

അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന വ്യക്തികളെ ‘കസ്റ്റമർ’ എന്ന നിലയിൽ മാത്രം കാണാനാകുമോ, അതോ കുറ്റകൃത്യത്തിൽ പങ്കാളിയായ വ്യക്തിയായി കണക്കാക്കി ക്രിമിനൽ ബാധ്യത ചുമത്താനാകുമോ എന്നതായിരുന്നു കോടതിയുടെ പരിഗണനയിലെ പ്രധാന ചോദ്യം.

ലൈംഗിക തൊഴിലാളികൾ ഇത്തരം കേന്ദ്രങ്ങളിൽ കച്ചവട ചരക്കായി കൈമാറ്റം ചെയ്യപ്പെടുകയും ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇതിലൂടെ നടത്തിപ്പുകാർ സാമ്പത്തിക ലാഭം നേടുന്നു. എന്നാൽ സേവനം തേടി എത്തുന്ന ‘കസ്റ്റമർമാരുടെ’ സാന്നിധ്യമില്ലാതെ ഇത്തരം കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

അനാശാസ്യ കേന്ദ്രങ്ങൾ നടത്തിപ്പുകാർ സൗകര്യങ്ങൾ ഒരുക്കി അതിൽനിന്ന് ലാഭം നേടുമ്പോൾ, സേവനം തേടിയെത്തുന്ന ‘കസ്റ്റമർ’ ആ സംവിധാനത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

നടത്തിപ്പുകാരനും കസ്റ്റമറും ഉൾപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങളിലെ ചൂഷണം മുന്നോട്ടുപോകുന്നത്. അതിനാൽ നടത്തിപ്പുകാരനെ മാത്രം കുറ്റക്കാരനാക്കി കസ്റ്റമറെ ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നത് നിയമത്തിന്റെ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്തുന്നതിന് തുല്യമാകുമെന്നും കോടതി വ്യക്തമാക്കി.

‘കസ്റ്റമർ’ പ്രതിയാകാത്ത സാഹചര്യമുണ്ടായാൽ നിയമത്തിന്റെ ലക്ഷ്യത്തിൽ വെള്ളംചേർക്കുന്നതിന് സമമാകും എന്നാണ് കോടതിയുടെ പ്രധാന നിരീക്ഷണം. അതിനാൽ അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടി എത്തുന്ന വ്യക്തിയെ ക്രിമിനൽ ബാധ്യതയിൽ നിന്ന് പൂർണമായി ഒഴിവാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സിംഗിൾ ബെഞ്ചുകളുടെ വ്യത്യസ്ത വിധികളെത്തുടർന്ന് രൂപപ്പെട്ട നിയമപരമായ ആശയക്കുഴപ്പത്തിനാണ് ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ വ്യക്തത വന്നിരിക്കുന്നത്. അനാശാസ്യ പ്രവർത്തനങ്ങളുടെ വിപണന ശൃംഖലയിൽ സേവനം തേടുന്നവരുടെ പങ്കും നിയമത്തിന്റെ പരിധിയിൽ പരിഗണിക്കേണ്ടതുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Share