ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

ഭൂസാവൽ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ എസി ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിനുള്ളിൽ വിളക്ക് കത്തിച്ച് പൂജ നടത്തിയ യാത്രക്കാരനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് റെയിൽവേ ജീവനക്കാർ മുന്നറിയിപ്പ് നൽകിയിട്ടും വിളക്ക് അണയ്‌ക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് നടപടി. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ ഗരീബ (55) ആണ് അറസ്റ്റിലായത്.

ഡൽഹിയിൽ നിന്ന് മൈസൂരിലേക്ക് സർവീസ് നടത്തുന്ന ഹസ്രത്ത് നിസാമുദ്ദീൻ–മൈസൂർ എക്സ്പ്രസിലെ എസി ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിലായിരുന്നു കരിബ യാത്ര ചെയ്തിരുന്നത്. അർധരാത്രിയിൽ ട്രെയിൻ അതിവേഗം മുന്നോട്ടുപോകുന്നതിനിടെയാണ് ഇയാൾ ബാഗിൽ നിന്ന് തീപ്പെട്ടി, പിച്ചള വിളക്ക്, എണ്ണ പാത്രം തുടങ്ങിയവ പുറത്തെടുത്തത്. തുടർന്ന് വിളക്ക് കത്തിച്ച് ട്രെയിനിനുള്ളിൽ തന്നെ പൂജയും പ്രാർത്ഥനയും ആരംഭിച്ചു.

കമ്പാർട്ടുമെന്റിനുള്ളിൽ തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സഹയാത്രികർ പരിഭ്രാന്തരായി. ഉടൻ റെയിൽവേ ജീവനക്കാരെ വിവരം അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ ടിക്കറ്റ് ഇൻസ്പെക്ടർ ട്രെയിനിനുള്ളിൽ വിളക്ക് കത്തിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യാത്രക്കാരനെ അറിയിച്ചു.

ഓടുന്ന ട്രെയിനിനുള്ളിൽ തീ ഉപയോഗിക്കുന്നത് വലിയ അപകടത്തിന് വഴിവെക്കുമെന്നും തീപിടിത്തമുണ്ടായാൽ നിരവധി യാത്രക്കാരുടെ ജീവൻ അപകടത്തിലാകുമെന്നും ടിക്കറ്റ് ഇൻസ്പെക്ടർ മുന്നറിയിപ്പ് നൽകി. വിളക്ക് ഉടൻ അണയ്‌ക്കാനും ആവശ്യപ്പെട്ടു.

എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും കരിബ വഴങ്ങിയില്ല. ‘എന്റെ പൂജ കഴിയുന്നതുവരെ ഞാൻ വിളക്കിൽ തൊടില്ല’ എന്ന നിലപാടിലായിരുന്നു യാത്രക്കാരൻ. സംഭവത്തെ തുടർന്ന് ടിക്കറ്റ് ഇൻസ്പെക്ടർ യാത്രക്കാരനുമായുള്ള ചർച്ചയും സംഭവവികാസങ്ങളും മൊബൈൽ ഫോണിൽ വീഡിയോയായി പകർത്തി.

തുടർന്ന് ട്രെയിൻ അടുത്ത സ്റ്റേഷനായ ഭൂസാവൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പോലീസ് ഇടപെട്ടു. യാത്രക്കാരനെ ട്രെയിനിൽ നിന്ന് ഇറക്കിയ ശേഷം അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന തീപ്പെട്ടി, വിളക്ക് ഉൾപ്പെടെയുള്ള വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.

റെയിൽവേ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവോ 5,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നാണ് റിപ്പോർട്ട്.

ട്രെയിനിനുള്ളിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരെ റെയിൽവേ നേരത്തെ തന്നെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീപ്പെട്ടി, മെഴുകുതിരി, ലൈറ്റർ, ബ്ലോ ടോർച്ച് തുടങ്ങിയ തീപിടിക്കുന്ന വസ്തുക്കളുടെ ഉപയോഗം ട്രെയിനുകളിൽ ഗുരുതര സുരക്ഷാ ഭീഷണിയാണ്.

പ്രത്യേകിച്ച് എസി കോച്ചുകൾ പോലുള്ള അടച്ചിട്ട കമ്പാർട്ടുമെന്റുകളിൽ ചെറിയൊരു തീപ്പൊരി പോലും വലിയ ദുരന്തത്തിന് കാരണമാകാം. അതിനാൽ യാത്രക്കാർ ട്രെയിനിനുള്ളിൽ തീ ഉപയോഗിക്കുന്നതിൽ നിന്ന് പൂർണമായി വിട്ടുനിൽക്കണമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകുന്നു.

Share