കണ്ണൂർ: പേരാവൂരിൽ കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച രാത്രി 8.30ഓടെയാണ് പാമ്പാളിയിൽ സംഭവം. വരന്റെ സുഹൃത്തുക്കളായ കൂരിയാടൻ അൻസാർ (30), പട്ടനാടൻ അരുൺ (29), മേൽമുരിങ്ങോടി അഭിജിത്ത് (30) എന്നിവർക്കാണ് വെട്ടേറ്റത്. അൻസാറിന്റെ പരിക്ക് ഗുരുതരമാണ്.
കല്യാണവീട്ടിലെത്തിയവർ മദ്യപിച്ച് പാട്ടുപാടിയത് അയൽവാസിയായ രാജേഷ് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. തുടർന്ന് വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതിനിടെ രാജേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതായാണ് വിവരം.
കല്യാണം നടന്ന വീട്ടുകാരും രാജേഷും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. തർക്കത്തിന് പിന്നാലെയാണ് മൂന്ന് പേർക്ക് വെട്ടേറ്റത്.
അരുണിനെയും അഭിജിത്തിനെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അൻസാറിനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ടാണ് നിഖിൽ, സനിൽ, പ്രണവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ ഇവരുടെ കൃത്യമായ പങ്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.