ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Published by
ജനം വെബ്‌ഡെസ്ക്

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ, ഹോർമുസ് കടലിടുക്കിൽ വൻ സൈനിക നീക്കവുമായി അമേരിക്ക. ഏകദേശം 1.8 കോടി ബാരൽ എണ്ണയുമായി 40 വാണിജ്യ കപ്പലുകൾക്ക് അമേരിക്കൻ സൈന്യം സുരക്ഷയൊരുക്കി കടലിടുക്ക് കടത്തിവിട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ എണ്ണക്കപ്പൽ എസ്കോർട്ട് ഓപ്പറേഷനാണിതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വ്യോമ, നാവിക, ബഹിരാകാശ സംവിധാനങ്ങൾ സംയോജിപ്പിച്ച് ചൊവ്വാഴ്ചയായിരുന്നു അമേരിക്കയുടെ ഓപ്പറേഷൻ. വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം, കപ്പലുകൾ ലക്ഷ്യമിടാനുള്ള ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനായി ആക്രമണങ്ങളും നടത്തി. ഓപ്പറേഷനിടെ കപ്പൽവിരുദ്ധ ക്രൂസ് മിസൈലുകളും അമേരിക്കൻ സേന നിർവീര്യമാക്കിയതായി യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹോർമുസിന് ചുറ്റും 60 കേന്ദ്രങ്ങളിൽ ആക്രമണം
ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ 60ഓളം സൈനിക കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിട്ടതായി റിപ്പോർട്ടിൽ പറയുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, സമുദ്ര സൈനിക സംവിധാനങ്ങൾ, മൈനുകൾ സ്ഥാപിക്കാനുള്ള ശേഷി, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവയാണ് ആക്രമണത്തിന് വിധേയമായത്.

ഇറാൻ സൈനിക ശേഷി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഹോർമുസിന് സമീപം ആക്രമണം തുടരുമെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇറാന്റെ ശേഷി വീണ്ടും ഉയരുന്നത് തടയാൻ ആവർത്തിച്ചുള്ള ആക്രമണങ്ങൾ ആവശ്യമായി വരുമെന്നും അവർ വ്യക്തമാക്കി.

ഹോർമുസിൽ അമേരിക്കയുടെ കടുത്ത തന്ത്രം
ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ചാണ് ട്രംപ് ഭരണകൂടം യുദ്ധതന്ത്രം കൂടുതൽ ശക്തമാക്കുന്നത്. കടലിടുക്കിന് സമീപമുള്ള ഇറാൻ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തുക, വാണിജ്യ കപ്പലുകൾക്ക് സൈനിക സുരക്ഷ നൽകുക, ഇറാൻ തുറമുഖങ്ങളിൽ നാവിക ഉപരോധം ശക്തമാക്കുക എന്നിവയാണ് തന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ. സൈനിക സുരക്ഷയുണ്ടെങ്കിലും ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം ഇപ്പോഴും ഉയർന്ന അപകടസാധ്യതയുള്ളതായാണ് ഊർജ കമ്പനികളുടെ വിലയിരുത്തൽ.

ആഗോള എണ്ണവിപണിയിലും ആശങ്ക
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗതപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. യുദ്ധത്തിന് മുമ്പ് പ്രതിദിനം ഏകദേശം 2 കോടി ബാരൽ എണ്ണ ഈ പാതയിലൂടെ കടന്നുപോയിരുന്നു. കടലിടുക്കിലെ സുരക്ഷാ ആശങ്കകൾ ആഗോള ഊർജ വിപണിയെയും ബാധിച്ചിട്ടുണ്ട്.

ഇറാന്റെ ആണവശേഖരത്തെക്കുറിച്ച് ട്രംപ്
അതിനിടെ, ഇറാന്റെ അതിസമ്പുഷ്ട യുറേനിയം ശേഖരവുമായി ബന്ധപ്പെട്ട് നിലപാടിൽ മാറ്റത്തിന്റെ സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അതിസമ്പുഷ്ട യുറേനിയം ഭൂമിക്കടിയിൽ തന്നെ നിലനിർത്തുകയും ഉപഗ്രഹ ചിത്രങ്ങളിലൂടെ നിരീക്ഷിക്കുകയും ചെയ്യാൻ തയ്യാറാണെന്ന് ട്രംപ് സൂചിപ്പിച്ചു.

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ നേരത്തെ നടത്തിയ അമേരിക്കൻ ആക്രമണത്തിൽ ഈ ശേഖരം പൂർണമായി നശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിന്റെ തുടക്കത്തിൽ അതിസമ്പുഷ്ട യുറേനിയം സുരക്ഷിതമാക്കുന്നതിന് വലിയ പ്രാധാന്യം നൽകിയിരുന്ന ട്രംപിന്റെ പുതിയ പരാമർശം നയത്തിലെ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

‘റഡാർ തകർത്തു’; ട്രംപിന്റെ പ്രതികരണം
ബുധനാഴ്ച ഓവൽ ഓഫീസിൽ സംസാരിക്കവെ പുതിയ ആക്രമണങ്ങളെക്കുറിച്ച് ട്രംപ് വിശദീകരിച്ചു. ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ നിരീക്ഷിക്കാനുള്ള ഇറാന്റെ ശേഷി അമേരിക്ക തകർത്തുവെന്നാണ് ട്രംപിന്റെ അവകാശവാദം.

റഡാർ സംവിധാനങ്ങൾ മാത്രമല്ല, അതിലേറെ സൈനിക ലക്ഷ്യങ്ങളും ആക്രമിച്ചതായി ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്‌ക്ക് നിയന്ത്രണം നിലനിർത്താനാകുമെന്നും ഇറാൻ തീരത്തെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനൊപ്പം വാണിജ്യ കപ്പലുകൾക്ക് സുരക്ഷ നൽകാനുള്ള ശേഷി യുഎസ് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

Share