നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: നേപ്പാളിലെ പ്രളയത്തില്‍ 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നേപ്പാള്‍ സര്‍ക്കാരുമായും ഇന്ത്യയിലെ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. നേപ്പാളില്‍ നിന്ന് ഇതുവരെ 166 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും രക്ഷപ്പെടുത്തിയവരുടെ പേരുകള്‍ മന്ത്രാലയം പതിവായി പുറത്തുവിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ നിന്ന് 1,907 ഇന്ത്യക്കാര്‍ സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നതായും ചൈനീസ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രകാരം ടിബറ്റന്‍ സ്വയംഭരണ മേഖലയില്‍ ഇന്ത്യന്‍ യാത്രക്കാരാരും കുടുങ്ങിക്കിടക്കുന്നില്ലെന്നും ജയ്സ്വാള്‍ വ്യക്തമാക്കി.

നേപ്പാള്‍ സര്‍ക്കാരിന്റെ ആവശ്യാനുസരണം കൂടുതല്‍ സഹായം നല്‍കുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫോറന്‍സിക് കിറ്റുകള്‍, ബെയ്ലി പാലങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വരും ദിവസങ്ങളില്‍ നേപ്പാളിലേക്ക് അയയ്‌ക്കും. കഴിഞ്ഞ ദിവസം 21 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ കാഠ്മണ്ഡുവിലെത്തിയിരുന്നു. ഇതുവരെ ഏഴ് വിമാനങ്ങളിലായി ഏകദേശം 95 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ നേപ്പാളിലേക്ക് എത്തിച്ചതായും മന്ത്രാലയം അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 54 ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 30 തുരങ്ക രക്ഷാപ്രവര്‍ത്തന വിദഗ്ധരും 19 ഫോറന്‍സിക് വിദഗ്ധരും അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സംഘങ്ങള്‍ നേപ്പാള്‍ അധികൃതരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയാണ്. അതിനിടെ, നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയര്‍ന്നു. എട്ട് ജില്ലകളില്‍ നിന്നായി 1,293 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. കാഠ്മണ്ഡുവിലെ വിവിധ ആശുപത്രികളില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 1,295 ആയത്.

Share
Published by
ജനം വെബ്‌ഡെസ്ക്