‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഗുരുതരമായ അനിശ്ചിതത്വം തുടരുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ആർ. ശ്രീലേഖ. 100 ദിവസം പിന്നിട്ട സർക്കാരാണ് പദ്ധതിയുടെ കാര്യത്തിൽ അലംഭാവം കാണിക്കുന്നതെന്നും സർക്കാർ പി.എം. ശ്രീയിൽ നിന്ന് പിന്മാറുന്ന സാഹചര്യമാണുള്ളതെന്നും ആർ. ശ്രീലേഖ ആരോപിച്ചു.

വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന്റെ കൈകളിലാണെന്നും ആർ. ശ്രീലേഖ വിമർശിച്ചു. കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെ പോലുള്ളവർ പോലും പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

കോടിക്കണക്കിന് രൂപയുടെ കേന്ദ്രസഹായമാണ് പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ടത്. രാഷ്‌ട്രീയമോ പ്രത്യയശാസ്ത്രമോ എന്തുതന്നെയായാലും സംസ്ഥാനത്തിന്റെ വികസനത്തിന് കോട്ടം തട്ടാൻ പാടില്ല. മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ പദ്ധതി നടപ്പാക്കുമ്പോൾ കേരളം പിന്നോട്ടുപോകുകയാണെന്നും ആർ. ശ്രീലേഖ പറഞ്ഞു.

കേരളത്തിൽ നിലവിൽ 47ഓളം കേന്ദ്രസർക്കാർ സ്കൂളുകൾ പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി. കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വലിയ മാറ്റങ്ങൾ നടക്കുന്നുണ്ട്. രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ കേരളം പിന്നോട്ട് വലിയുന്ന അവസ്ഥയാണ്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പി.എം. ശ്രീ പദ്ധതി കൊണ്ടുവന്നത്. പദ്ധതിയുടെ കാലാവധി 2027 സെപ്റ്റംബർ വരെ നീട്ടിയേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. അതിനാൽ കാലാവധിയുടെ പേരിലുള്ള വാദങ്ങൾ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കാരണമല്ലെന്നും ആർ. ശ്രീലേഖ പറഞ്ഞു.

പദ്ധതി നടപ്പാക്കാത്തതിന് സർക്കാർ പറയുന്നത് കാരണങ്ങൾ മാത്രമാണെന്നും കുട്ടികൾക്ക് ലഭിക്കേണ്ട സൗകര്യങ്ങളും അവസരങ്ങളും ഇതിലൂടെ നഷ്ടപ്പെടുകയാണെന്നും ആർ. ശ്രീലേഖ ആരോപിച്ചു. രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ ഭാവി തടയരുത്. പി.എം. ശ്രീ കരാറിൽ കേരളം പങ്കാളിയാകണമെന്നാണ് ബിജെപിയുടെ നിലപാടെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാർ അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്നും ആർ. ശ്രീലേഖ ആവശ്യപ്പെട്ടു.

Share