ലേ: കർഷകർക്ക് കൂടുതൽ സ്ഥിരതയുള്ള ജലസേചന സൗകര്യമൊരുക്കാൻ സിന്ധു നദിയിൽ ചെക്ക് ഡാം നിർമിച്ച് ലഡാക്ക് ഭരണകൂടം. ലേയിലെ ഉപ്ഷിയിൽ സിന്ധു നദിക്ക് കുറുകെയാണ് രാജ്യാതിർത്തിയിലാണ് ചെക്ക് ഡാം നിർമിച്ചത്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സിന്ധു നദിക്ക് കുറുകെ നിർമിക്കുന്ന ആദ്യ റോക്ക് ചെക്ക് ഡാമാണിത്.
സിമന്റോ കോൺക്രീറ്റോ ഉപയോഗിക്കാതെ നദിയിൽനിന്നുള്ള പ്രകൃതിദത്ത കല്ലുകൾ നിരത്തിയാണ് ഡാം നിർമിച്ചിരിക്കുന്നത്. ഇതോടെ നദിയിലെ ജലനിരപ്പ് ഏകദേശം 10 അടി ഉയർന്നു. അധികജലം ഇഗൂ-ഫേ ജലസേചന കനാൽ വഴി സമീപത്തെ കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിടാൻ സാധിക്കും.
4 കോടി ലിറ്റർ ജലസംഭരണ ശേഷി
ഏകദേശം 4 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ പുതിയ ചെക്ക് ഡാമിന് ശേഷിയുണ്ട്. ഈ വെള്ളം ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്ക് എത്തിക്കാനാകും. ഇതോടെ വിത്തിറക്കുന്ന കാലയളവിൽ സിന്ധു നദിയിലെ ജലനിരപ്പ് കുറയുന്നതിനെ തുടർന്ന് കർഷകർ നേരിടുന്ന ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വസന്തകാലത്ത് കൃഷിയിറക്കുന്ന സമയത്ത് സിന്ധു നദിയിലെ ജലനിരപ്പ് താഴുന്നതിനാൽ പമ്പുകൾ ഉപയോഗിച്ച് വെള്ളം ഉയർത്തുന്നത് പല പ്രദേശങ്ങളിലും ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ആഴമേറിയ മലയിടുക്കുകളിലൂടെ നദി ഒഴുകുന്ന മേഖലകളിലാണ് ഈ പ്രതിസന്ധി രൂക്ഷം. ഇതുമൂലം നിരവധി കർഷകർക്ക് കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ വന്നിരുന്നു. പുതിയ ചെക്ക് ഡാം ഈ പ്രശ്നത്തിന് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. നദിയിലെ വെള്ളം നിയന്ത്രിതമായി ശേഖരിച്ച് കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിടാൻ ഇതിലൂടെ സാധിക്കും.
സിന്ധു നദിയിൽ കൂടുതൽ ചെക്ക് ഡാമുകൾ
സിന്ധു നദിയിലും മറ്റ് മേഖലകളിലും കൂടുതൽ ചെക്ക് ഡാമുകൾ നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചില സ്ഥലങ്ങളിൽ നിർമാണം ആരംഭിച്ചുകഴിഞ്ഞു. മറ്റ് പദ്ധതികളും പരിഗണനയിലാണ്.
ലഡാക്കിൽ 36 ചെക്ക് ഡാമുകൾ നിർമിക്കുന്നതിനുള്ള നിർദേശമാണ് കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന്റെ അനുമതിക്കായി ഭരണകൂടം സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ലേയിൽ ഏഴ് ഹിമാലയൻ റോക്ക് ചെക്ക് ഡാമുകളും കാർഗിലിൽ 29 ആർസിസി ചെക്ക് ഡാമുകളോ വെയറുകളോ നിർമിക്കാനാണ് നിർദേശം.
അതിർത്തിമേഖലയിലെ ജനങ്ങൾക്ക് ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയിലെ ജലവിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിലും പദ്ധതികൾക്ക് നിർണായക പ്രാധാന്യമുണ്ട്. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പുതിയ നിലപാടുകളുടെ പശ്ചാത്തലത്തിലും ലഡാക്കിലെ ജലസംഭരണ പദ്ധതികൾ ശ്രദ്ധേയമാണ്.