ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

Published by
ജനം വെബ്‌ഡെസ്ക്

നാഗ്പുര്‍: ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു. നാഗ്പുരിലാണ് സംഭവം. യാമിനി കൃഷ്ണ ലാല്‍ യാദവ് (38) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കൃഷ്ണ ലാല്‍ യാദവിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ ലാല്‍ യാദവ് തനിക്കും കുട്ടികള്‍ക്കും ഭക്ഷണം തയ്യാറാക്കാന്‍ യാമിനിയോട് ആവശ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഹൗസിങ് സൊസൈറ്റിയില്‍ നടക്കുന്ന ഡാന്‍സ് ക്ലാസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്ന യാമിനി പാചകം ചെയ്യാന്‍ വിസമ്മതിച്ചു.

ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മദ്യപിച്ചിരുന്ന കൃഷ്ണ ലാല്‍ കുട്ടികളുടെ മുന്നില്‍വച്ച് യാമിനിയെ മര്‍ദിച്ചതായും പൊലീസ് പറഞ്ഞു. മര്‍ദനത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യാമിനി ഭര്‍ത്താവിനോട് വേദനസംഹാരി മരുന്ന് വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് കൃഷ്ണ ലാല്‍ മെഡിക്കല്‍ സ്റ്റോറിലെത്തിയെങ്കിലും കട അടച്ചിരുന്നതിനാല്‍ മരുന്ന് ലഭിക്കാതെ മടങ്ങി.

പിന്നീട് യാമിനിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയ്‌ക്കിടെ മരണം സംഭവിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Share
Published by
ജനം വെബ്‌ഡെസ്ക്