ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ പ്രമുഖ സ്ഥാപനമായ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിന്റെ (എസ്ആര്‍സിസി) ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന എസ്ആര്‍സിസിയുടെ യാത്ര വിദ്യാഭ്യാസ മേഖലയ്‌ക്ക് മാത്രമല്ല, രാജ്യത്തിനാകെ ചരിത്രപ്രാധാന്യമുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എസ്ആര്‍സിസിയില്‍ പഠിച്ച നിരവധി തലമുറകള്‍ ചടങ്ങില്‍ ഒത്തുചേര്‍ന്നത് പ്രത്യേക അനുഭവമാണെന്നും ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായും മോദി പറഞ്ഞു. നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ആര്‍സിസിയുടെ നൂറുവര്‍ഷത്തെ യാത്ര നിരവധി തലമുറകളെ രൂപപ്പെടുത്തുകയും അവരെ മികച്ച ഭാവിയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് മോദി വ്യക്തമാക്കി. ഇവിടെ പഠിച്ചിറങ്ങിയവര്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. എസ്ആര്‍സിസി പൂര്‍വവിദ്യാര്‍ഥികളെ പരാമര്‍ശിച്ചുകൊണ്ടാണ് മോദിയുടെ രസകരമായ പരാമര്‍ശം. ”ധുരന്ധര്‍ ആയില്ലെങ്കിലും ധൂമം സൃഷ്ടിച്ചു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എസ്ആര്‍സിസിയില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്ആര്‍സിസിയിലെ തന്റെ 2013ലെ പ്രസംഗവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആ പ്രസംഗം വീണ്ടും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടെന്നും പുതിയ തലമുറയിലെ ആളുകള്‍ പോലും അത് വീണ്ടും കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ടാകാമെന്നും മോദി പറഞ്ഞു.
2013ലെ തന്റെ പ്രസംഗം ഒരു തരത്തില്‍ വലിയ തരംഗം സൃഷ്ടിച്ചുവെന്നും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്നത്തെ പരിപാടിയുടെയും പ്രസംഗത്തിന്റെയും സ്വാധീനം നിലനില്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ അക്കാദമിക മികവിലും സ്ഥാപനനിര്‍മാണത്തിലും വിവിധ മേഖലകളിലെ നേതൃപാടവം വളര്‍ത്തുന്നതിലും എസ്ആര്‍സിസി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.