തൃശ്ശൂർ: തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ആധുനിക ലബോറട്ടറി നവീകരണത്തിന് വഴിയൊരുങ്ങുന്നു. മോഡേൺ ലബോറട്ടറി ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റി പദ്ധതിക്കായി എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 33 ലക്ഷം രൂപയ്‌ക്ക് ഭരണാനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
MPLADS 2024–25 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച തുകയ്‌ക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് മികച്ച ലാബ് പരിശോധനാ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിക്ക് 45 ദിവസത്തിനകം ലഭിക്കേണ്ട ഭരണാനുമതി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ (DHS) അനുമതി വൈകിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയം സംബന്ധിച്ച് നിരന്തരം ഇടപെട്ടതിന്റെ ഭാഗമായാണ് ഇപ്പോൾ പദ്ധതിക്ക് ഔദ്യോഗിക അനുമതി ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശ്ശൂരിലെ സാധാരണക്കാരായ രോഗികൾക്ക് കൃത്യവും ആധുനികവുമായ ലാബ് പരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. പദ്ധതി യാതൊരു കാലതാമസവുമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള തുടർനടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “തടസ്സങ്ങൾ എത്രയുണ്ടായാലും നാടിന്റെ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി മുന്നോട്ടുപോകും” എന്നും സുരേഷ് ഗോപി വ്യക്തമാക്കി.