കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ എ.സി വെയിറ്റിംഗ് ഹാളിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. അസം സ്വദേശിനി ബോബിത ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ നാലിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം പാണ്ടിക്കാട് സ്വദേശിനി വെയിറ്റിംഗ് ഹാളിൽ വിശ്രമിക്കുന്നതിനിടെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരം മോഷണം പോകുകയായിരുന്നു.
വെയിറ്റിംഗ് ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാരന്തൂർ മൊണാട് ഹോട്ടലിന് സമീപത്തുനിന്ന് മോഷ്ടിച്ച സ്വർണമോതിരം ഉൾപ്പെടെ പ്രതിയെ പിടികൂടുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ ബോബിത ദാസിനെ റിമാൻഡ് ചെയ്തു.