കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: വിവാദ പരാമർശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്നും ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങൾ വിശദീകരിക്കുമെന്നും കാന്തപുരം പറഞ്ഞു. അന്താരാഷ്‌ട്ര മിലാദ് സമ്മേളനത്തിലായിരുന്നു പ്രതികരണം.

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് വിശദീകരിക്കുന്ന സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും കാന്തപുരം അറിയിച്ചു. എന്നാൽ സ്ത്രീകളെ സംബന്ധിച്ച വിവാദ പരാമർശങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉന്നയിച്ച വിമർശനങ്ങൾക്ക് അദ്ദേഹം നേരിട്ട് മറുപടി നൽകിയില്ല.

അന്യപുരുഷന്മാർക്കിടയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന നിർദേശവുമായി സമസ്ത കാന്തപുരം വിഭാഗം മഹല്ലുകൾക്ക് നൽകിയ സർക്കുലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നബിദിന റാലിയുടെ ഭാഗമായി നടന്ന പരിപാടികളിൽ പലയിടത്തും സ്ത്രീകളുടെ സാന്നിധ്യമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തുവന്നത്.

മതപരമായ ആഘോഷങ്ങളിൽ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിക്കണമെന്നും അതിർവരമ്പുകൾ ലംഘിക്കരുതെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. നിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്‌ലാമികമല്ലാത്ത ആചാരങ്ങൾ പരിപാടികളിൽ കൂട്ടിച്ചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.

 

Share