ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: ആധാർ കാർഡും യു.എച്ച്.ഐ.ഡി കാർഡും കൈവശമില്ലെന്ന് പറഞ്ഞ് കുടുംബത്തിലെ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പാലക്കാട് മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.

മണ്ണൂർ വെസ്റ്റ് ആനക്കല്ല് സ്വദേശികളായ ദേവയാനി, മകൾ സജിത, സജിതയുടെ രണ്ട് മക്കൾ എന്നിവരാണ് പരാതിക്കാർ. പനി ബാധിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് നാലുപേരും മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയത്.

ഒ.പി ടിക്കറ്റിനായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സമീപിച്ചപ്പോൾ ആദ്യം യു.എച്ച്.ഐ.ഡി കാർഡ് ആവശ്യപ്പെട്ടെന്നാണ് കുടുംബം പറയുന്നത്. കാർഡ് കൈവശമില്ലെന്ന് അറിയിച്ചതോടെ ആധാർ നമ്പർ ആവശ്യപ്പെട്ടതായും ഇവർ പറയുന്നു.

ആധാർ രേഖയും കൈവശമില്ലെന്ന് അറിയിച്ചതോടെ ആവശ്യമായ രേഖകളില്ലാതെ ഒ.പി ചീട്ട് നൽകാനാകില്ലെന്ന് പറഞ്ഞതായാണ് ദേവയാനിയും സജിതയും ആരോപിക്കുന്നത്. തുടർന്ന് കുടുംബം ഏകദേശം പത്ത് കിലോമീറ്റർ അകലെയുള്ള അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി.

അതേസമയം, രോഗികളെ ചികിത്സ നൽകാതെ തിരിച്ചയച്ചിട്ടില്ലെന്നാണ് മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രം അധികൃതരുടെ വിശദീകരണം. ആധാർ, യു.എച്ച്.ഐ.ഡി തുടങ്ങിയ രേഖകൾ കൈവശമുണ്ടോയെന്ന് പരിശോധിക്കാനാണ് കുടുംബത്തോട് ആവശ്യപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി.

രേഖകൾ ഇല്ലെന്ന് അപ്പോൾ തന്നെ അറിയിച്ചിരുന്നെങ്കിൽ പകരം സംവിധാനം ഒരുക്കാമായിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.

Share