യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനും റിപ്പോര്‍ട്ട് ചെയ്യാനും കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ പര്യടനത്തിന് തുടക്കമായി. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് മാധ്യമ പര്യടനം സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 6 മുതല്‍ 12 വരെയാണ് പര്യടനം. വിവിധ പത്ര, ഇലക്ട്രോണിക്, റേഡിയോ, ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള 11 മാധ്യമപ്രവര്‍ത്തകരാണ് സംഘത്തിലുള്ളത്. ഉത്തര്‍പ്രദേശിലെ വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും നേരിട്ട് മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരമാണ് പര്യടനത്തിലൂടെ ഒരുക്കുന്നത്.

പര്യടനത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കാര്‍ഷിക മേഖലയിലെ വിദഗ്ധനും പത്മശ്രീ ജേതാവുമായ രാം ശരണ്‍ വര്‍മ്മയുമായും മാധ്യമപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തും. അയോധ്യയിലെ ശ്രീരാമക്ഷേത്രം, റെയില്‍വേ ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ), ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) തുടങ്ങിയ പ്രധാന കേന്ദ്രങ്ങളും മാധ്യമസംഘം സന്ദര്‍ശിക്കും. മലയാളിയായ ലഖ്നൗ ജില്ലാ മജിസ്‌ട്രേറ്റ് ജി. വിശാഖുമായും മലയാളി മാധ്യമ സംഘം ചര്‍ച്ച നടത്തുന്നുണ്ട്. പിഐബി തിരുവനന്തപുരം ഡയറക്റ്റര്‍ വി. പാര്‍വതി, കൊച്ചി അസി. ഡയറക്റ്റര്‍ എസ്. എസ്. ലക്ഷ്മിപ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പര്യടനം.

ഉത്തര്‍പ്രദേശിന്റെ പരമ്പരാഗത വ്യവസായ മേഖലയായ ചിക്കന്‍കാരി വസ്ത്ര നിര്‍മാണ മേഖലയെയും പര്യടനത്തിന്റെ ഭാഗമായി പരിചയപ്പെടും. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനം, വ്യവസായം, കാര്‍ഷികം, പൈതൃകം തുടങ്ങിയ വിവിധ മേഖലകളെ അടുത്തറിയുന്നതിനാണ് പര്യടനം ലക്ഷ്യമിടുന്നത്.

Share