ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: ലണ്ടനിലേക്ക് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് ബെംഗളൂരു കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. ഞായറാഴ്ച രാവിലെ പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരും സുരക്ഷിതരാണെന്ന് ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിഐഎഎല്‍) അറിയിച്ചു.

രാവിലെ 8.20ഓടെയാണ് വിമാനം ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുന്നതിന് മുമ്പ് തുമകൂരു മേഖലയില്‍ അരമണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്നതായാണ് വിവരം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് ബിഐഎഎല്‍ അറിയിച്ചു. വിമാനത്തില്‍ എന്ത് തരത്തിലുള്ള സാങ്കേതിക പ്രശ്‌നമാണ് ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിര്‍ജിന്‍ അറ്റ്‌ലാന്റിക് സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Share