തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ടനിരയെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചപ്പോള്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ പാലിയേക്കരയിലെത്തിയ മന്ത്രി വാഹനത്തില്‍ നിന്നിറങ്ങി ടോള്‍ ബൂത്തുകള്‍ യാത്രക്കാര്‍ക്കായി തുറന്നുനല്‍കുകയായിരുന്നു.
ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലധികം ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതോടെയാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് സുരേഷ് ഗോപിയും സ്റ്റാഫും വാഹനത്തില്‍ നിന്നിറങ്ങി ടോള്‍ ബൂത്തുകളിലെ ജീവനക്കാരോട് എല്ലാ ബൂത്തുകളും തുറക്കാന്‍ നിര്‍ദേശം നല്‍കി.
വാഹനങ്ങളുടെ നീണ്ടനിര അനുവദിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ടോള്‍ പ്ലാസയിലെ മുഴുവന്‍ ബൂത്തുകളും തുറന്നതോടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള തടസം നീക്കുകയായിരുന്നു.