സത്യനികേതന്‍ ദുരന്തത്തില്‍ മരണം അഞ്ചായി; കെട്ടിട ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍, മജിസ്ടീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ട് സര്‍ക്കാര്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മരണസംഖ്യ അഞ്ചായി. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ടീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കെട്ടിട ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കി. സംഭവസ്ഥലത്തെ പരിശോധനയ്‌ക്കും പ്രാഥമിക വിലയിരുത്തലിനും പിന്നാലെയാണ് തീരുമാനമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗുരുതരമായ സംഭവത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കെട്ടിട ഉടമ ഹരിറാം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെട്ടിടം പേയിങ് ഗസ്റ്റുകള്‍ക്കായി ഉപയോഗിച്ചിരുന്നതായും ഗ്രൗണ്ട് ഫ്‌ലോറില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പത്ത് പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഡല്‍ഹി പോലീസ്, എന്‍ഡിആര്‍എഫ്, ഡല്‍ഹി ഫയര്‍ സര്‍വീസ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അനുമതിയില്ലാതെ കെട്ടിടത്തിന്റെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. മുന്‍ ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗിന്റെ അഭിപ്രായത്തില്‍, കെട്ടിടം ആദ്യം ഗ്രൗണ്ട് പ്ലസ് വണ്‍ ഘടനയായിരുന്നെങ്കിലും പിന്നീട് മൂന്ന്-നാല് നിലകളാക്കി മാറ്റിയതായാണ് വിവരം. കെട്ടിടത്തിന്റെ നിര്‍മാണ പ്ലാനിന് അനുമതി ലഭിച്ചിരുന്നില്ലെന്നും ഘടനയുടെ ശക്തി സംബന്ധിച്ച് വ്യക്തതയില്ലായിരുന്നുവെന്നും ഗാര്‍ഗ് ചൂണ്ടിക്കാട്ടി. സത്യനികേതനിലെ നിരവധി പഴയ കെട്ടിടങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഴയ കെട്ടിടങ്ങള്‍ തകരാന്‍ പ്രധാനമായും കനത്ത മഴയും കെട്ടിടത്തിനുള്ളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് കാരണമാകാറുള്ളതെന്ന് ഗാര്‍ഗ് പറഞ്ഞു. സത്യനികേതന്‍ സംഭവത്തില്‍ തലേദിവസം കനത്ത മഴയും കെട്ടിടത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും നടന്നിരുന്നതായി റിപ്പോര്‍ട്ടുകളുമുണ്ട്. ഇരു ഘടകങ്ങളും ഒരുമിച്ചെത്തിയത് കെട്ടിടം തകരാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കാമെന്നാണ് ഗാര്‍ഗിന്റെ വിലയിരുത്തല്‍. അതേസമയം, കെട്ടിടം തകര്‍ന്നതിന്റെ യഥാര്‍ഥ കാരണം അന്വേഷണത്തിലൂടെയാകും വ്യക്തമാകുക.

Share
Published by
ജനം വെബ്‌ഡെസ്ക്