തിരുവനന്തപുരം: ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും വേറിട്ട സിനിമകളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന സംവിധായകന്‍ ആര്‍. ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ശരത്തിന്റെ സിനിമകള്‍ക്ക് ഒന്‍പത് അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരവും നാല് സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഷാജി എന്‍. കരുണിന്റെ അസിസ്റ്റന്റായാണ് അദ്ദേഹം സിനിമാരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് 2000ല്‍ പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തും സ്വതന്ത്ര സംവിധായകനുമായി.
‘സായാഹ്നം’ വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ‘സ്ഥിതി’, ‘സ്വയം പറുദീസ’, ‘ശീലാബതി’, ‘ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു’ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ‘സ്വയം’ ആണ് അവസാന ചിത്രം. ഡോക്യുമെന്ററി സംവിധായകനായും ആര്‍. ശരത്ത് ശ്രദ്ധേയനായിരുന്നു. ‘ദി പെയിന്റഡ് എപിക്‌സ്’ എന്ന ഡോക്യുമെന്ററി തയ്യാറാക്കുന്നതിനിടെ പ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മയുടെ അന്നുവരെ പൊതുജനങ്ങള്‍ കണ്ടിട്ടില്ലാത്ത ചില ചിത്രങ്ങള്‍ അദ്ദേഹം കണ്ടെത്തി. ചുമര്‍ചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1996ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പില്‍ നിന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ജൂനിയര്‍ ഫെലോഷിപ്പിനും അദ്ദേഹം അര്‍ഹനായി.
ഒരു സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം, മികച്ച ഹ്രസ്വചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം, മികച്ച കഥയ്‌ക്കുള്ള കേരള ചലച്ചിത്ര പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ആര്‍. ശരത്തിനെ തേടിയെത്തിയിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയങ്ങളും അവതരണരീതിയും കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനെയാണ് ആര്‍. ശരത്തിന്റെ വിയോഗത്തോടെ സിനിമാലോകത്തിന് നഷ്ടമായത്.















